പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ നടപ്പാക്കുന്ന കുഷ്ഠരോഗ നിര്‍മാര്‍ജനയജ്ഞത്തിനു മുന്നോടിയായി കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ ഉദ്യോഗസ്ഥരുടെ ആലോചനയോഗം ചേര്‍ന്നു. ഡിസംബര്‍ അഞ്ച് മുതല്‍ 19 വരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി ദേഹ പരിശോധനയിലൂടെ കുഷ്ഠരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. കുഷ്ഠരോഗത്തിനുള്ള ചികിത്സ ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലടക്കം ലഭ്യമാണ്. കുഷ്ഠരോഗ ലക്ഷണങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളോടുകൂടിയ ലഘുലേഖകള്‍ വിതരണം ചെയ്യും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പട്ടികവര്‍ഗ കോളനികളിലും ഹോസ്റ്റലുകളിലും ചികിത്സയും മരുന്നുവിതരണവും നടക്കും. ജില്ലാ ആശുപത്രിയിലെ ഡെര്‍മറ്റോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് കുഷ്ഠരോഗ നിര്‍ണയവും ചികിത്സയും മരുന്നുവിതരണവും നടക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം കെ. പി റീത്ത, വിഷയാവതരണം നടത്തി. അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ പ്രശാന്ത് കുമാര്‍, ഡോ.അശ്വിന്‍, ഡോ.ദീപ, ഡോ.ദിവ്യ, കെ. പ്രമോദ്, സന്തോഷ് ബാബു, പാലക്കാട്, ചിറ്റൂര്‍, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, തൊഴില്‍വകുപ്പ്, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.