സായുധസേനാ പതാക നിധിയിലേക്ക് ജില്ലയില്‍ നിന്നും 25 ലക്ഷം രൂപ സമാഹരിക്കും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ വഴി വിറ്റഴിക്കുന്ന സ്റ്റാംപുകള്‍ മുഖേനയാണ് തുക സമാഹരിക്കുകയെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സായുധസേന പതാകദിന ഫണ്ട് കമ്മിറ്റിയുടേയും ജില്ലാ സൈനിക ബോര്‍ഡിന്റേയും സംയുക്ത യോഗത്തില്‍ ജില്ലാ സൈനികക്ഷേമ ഓഫീസര്‍ പറഞ്ഞു. സൈനികരുടെ ക്ഷേമത്തിനായാണ് തുക വിനിയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25 ലക്ഷത്തോളം രൂപ സമാഹരിച്ച് ഫണ്ട് സമാഹരണത്തില്‍ ജില്ല മൂന്നാം സ്ഥാനം നേടി. ജില്ലയിലെ 235 സ്ഥാപനങ്ങളിലൂടേയാണ് സ്റ്റാംപുകള്‍ വിതരണം ചെയ്യുക.
സായുധസേനാ പതാക ദിനമായ ഡിസംബര്‍ ഏഴിന് ജില്ലയില്‍ പതാക ദിനം ആചരിക്കും. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സഹായം ലഭ്യമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട ജില്ലാ സൈനികബോര്‍ഡില്‍ നിന്നും ഈ വര്‍ഷം 63 അപേക്ഷകര്‍ക്കായി 4,39,000 രൂപ സഹായം നല്‍കിയിട്ടുണ്ട്. കൂടാതെ സൈനികരുടെ വിധവകള്‍ക്കായി തയ്യല്‍മെഷീനുകളും വിതരണം ചെയ്യും. എ.ഡി.എം ടി.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ടയേര്‍ഡ് സ്‌ക്വാഡ്രന്‍ ലീഡര്‍ എം.രാജന്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.