കേരള സർവകലാശാല പ്ലേസ്‌മെന്റ് സെൽ, കേരള നോളജ് ഇക്കോണമി മിഷന്റെയും ഐ.സി.ടി അക്കാദമിയുടെയും സഹകരണത്തോടെ കാഞ്ഞിരംകുളം കെ.എൻ.എം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. കോളേജിലെ പ്ലേസ്‌മെന്റ് സെല്ലിന്റെയും ഐ.ക്യു.എ.സി സെല്ലിന്റെയും ആഭിമുഖ്യത്തിൽ മേഖലയിലെ വിവിധ കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി നടന്ന മേളയിൽ വിവിധ മേഖലകളിൽ നിന്നായി പത്തോളം കമ്പനികളും ഇരുന്നൂറോളം തൊഴിലന്വേഷകരും പങ്കെടുത്തു. മേളയിൽ വച്ച് അൻപതോളം പേർക്ക് വിവിധ മേഖലകളിൽ പ്ലേസ്‌മെന്റ് ലഭിച്ചു.
പ്രിൻസിപ്പൽ ഡോ. ചിത്ര ത്രിവിക്രമൻ നായർ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ.ജി ഗോപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവകലാശാല പ്ലേസ്‌മെന്റ് സെൽ കൺവീനർ ഡോ. ക്രിസ്റ്റബെൽ പി.ജെ സ്വാഗതം ആശംസിച്ചു. ഐ.സി.ടി അക്കാദമി അസോസിയേറ്റ് മാനേജർ കൈലാസ് കാർത്തികേയൻ, വൈസ് പ്രിൻസിപ്പൽ ഡോ. എം.എൻ പരശുരാമൻ, ഡോ. അബ്ദുറഹീം എം.പി, ഡോ. റാണി എൽ, സുരിനാ മോൾ. ആർ., ഷിജി സി ആന്റണി, ശ്രീദേവ് എന്നിവർ സംസാരിച്ചു.