ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളുടെ വിശദീകരണവും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സാമൂഹിക -ക്യാമ്പസ് പരിപാടികള്‍ സംഘടിപ്പിക്കും.

ഓറിയന്റേഷന്‍  വിഭാഗങ്ങളിലായി ജില്ലയിലെ 53 യൂണിറ്റുകളില്‍ നിന്നും പ്രോഗ്രാം ഓഫിസര്‍മാരും 5300 എന്‍ എസ് എസ് വൊളന്റിയര്‍മാരും പദ്ധതിയുടെ ഭാഗമാകും. കൗമാര വിദ്യാര്‍ത്ഥികളില്‍ അഭിലഷണീയമായ വര്‍ത്തമാന വ്യതിയാനങ്ങള്‍ സൃഷ്ടിക്കുവാന്‍ സഹായകമാകുന്ന തരത്തിലുള്ള പദ്ധതികളാണ് ഈ വര്‍ഷത്തെ കര്‍മ്മ പദ്ധതിയിലുള്ളത്.

എന്‍എസ്എസ് ഉത്തരമേഖലാ കണ്‍വീനര്‍ കെ മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ , എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ്, ഫാദര്‍ ജോര്‍ജ് കോടന്നൂര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ രാജേന്ദ്രന്‍ എം കെ , രവീന്ദ്രന്‍ കെ , സാജിത് പികെ, സുദര്‍ശനന്‍ കെ.ഡി, പ്രോഗ്രാം ഓഫീസര്‍ ജോയല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.