ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ക്വിസ് പ്ലെയർ രജിസ്‌ട്രേഷൻ ഏഷ്യാതല ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.കെ വേണു നിർവഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി  വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ വിദ്യാർഥിയെ ക്വിസ് പ്ലെയറായി രജിസ്റ്റർ ചെയ്തു.  കഴിഞ്ഞ 20 വർഷങ്ങളിലായി ലോകചാമ്പ്യൻഷിപ്പ് മത്സരങ്ങളിലൂടെ ലോക ചാമ്പ്യനെ തിരഞ്ഞെടുക്കുന്നത് ഐ ക്യൂ എ ആണ്. 2024 ലാണ് ഐക്യുഎയുടെ ഏഷ്യയിലെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി കേരളത്തിൽ ആരംഭിച്ചത്.

ക്വിസ് പ്ലെയർ രജിസ്‌ട്രേഷൻ നേടിയ കുട്ടികൾക്ക് ഇനി ഐ ക്യൂ എ സംഘടിപ്പിക്കുന്ന ഔദ്യോഗിക ജില്ലാതല സംസ്ഥാനതല, ദേശീയ തല മത്സരങ്ങളിലും ലോക ക്വിസ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാനാകും. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനത്ത് ഔദ്യോഗിക ക്വിസ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കപ്പെടുന്നതെന്ന് ഐ ക്യൂ എ കേരള ഓപ്പറേഷൻസ് ഹെഡ് അഡ്വ. ജിസ് ജോൺ സെബാസ്റ്റ്യൻ പറഞ്ഞു. ഔദ്യോഗിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പുറമെ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്‌ട്രേഷൻ കാർഡും,എല്ലാമാസവും ഐ ക്യൂ എ ക്യൂറേറ്റഡ് ക്വിസ് കണ്ടന്റും ലഭിക്കും. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ ഏഷ്യ ചാപ്റ്ററിന്റെ സഹകരണത്തോടെ ക്വിസ് ക്ലബ്ബുകളും ആരംഭിക്കും.