* ഇംഗ്ലീഷ് അധ്യാപക നിയമനം
സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2024-2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണ്ണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകൾ, താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി
സർക്കാർ സ്കൂളുകളിൽ പ്രസ്തുത അധിക തസ്തികകളിൽ തസ്തികനഷ്ടം വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
എയ്‌ഡഡ് സ്കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധികതസ്തികകളിൽ അതേ മാനേജ്മെന്റ്റിൽ തസ്തികനഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) പ്രകാരം മറ്റ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർ വിന്യസിച്ചതിനു ശേഷം മാത്രം ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകും.
* യുപി ക്ലാസ് അനുവദിക്കും
വയനാട് ജില്ലയിൽ യു.പി.വിഭാഗം ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ജി.എച്ച്.എസ്. അതിരാറ്റുകുന്ന്, ജി.എച്ച്.എസ്. വാളവയൽ, ജി.എച്ച്.എസ്. പുളിഞ്ഞാൽ എന്നീ മൂന്ന് സ്കൂളുകളിൽ 2024-25 വർഷത്തിൽ അഞ്ചാം ക്ലാസും തുടർ വർഷങ്ങളിൽ ആറ്, ഏഴ് ക്ലാസുകളും ആരംഭിക്കുന്നതിന് അനുമതി നൽകി. സംരക്ഷിത അദ്ധ്യാപകർ /എസ്.എസ്.കെ. വോളന്റിയർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി ബ്രിഡ്‌ജ്‌ കോഴ്‌സ്‌ എന്ന നിലയിലാണിത്.
* പാട്ടത്തിന് നൽകും
തൃശ്ശൂര് ചാലക്കുടി തെക്കുമുറി വില്ലേജില് കെഎസ്ഐടിഐഎല്ലിന്റെ കൈവശമുള്ള 30 ഏക്കര് ഭൂമിയില് നിന്ന് 12 ഏക്കര് ഭൂമി കാര്ക്കിനോസ് ഹെല്ത്ത് കെയര് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് സെന്റര് ഫോര് ക്ലോംപ്ലക്സ് ക്യാന്സേഴ്സ് ആന്റ് ഇന്നവേഷന് ഹബ്ബ് തുടങ്ങുന്നതിന് പാട്ടത്തിന് നല്കും. അഞ്ച് വര്ഷത്തിനുള്ളില് 300 കോടി രൂപയുടെ മൂലധന നിക്ഷേപവും നേരിട്ടുള്ള 300 തൊഴിലവസരങ്ങളും കാര്ക്കിനോസ് ലിമിറ്റഡ് ലഭ്യമാക്കുമെന്നാണ് ഒരു നിബന്ധന. ആദ്യ അഞ്ച് വര്ഷത്തെ പാട്ട തുക ഒഴിവാക്കിയും പിന്നീട് 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള നിരക്കിലും വ്യവസ്ഥകളോടെ 30 വര്ഷത്തേക്കാണ് പാട്ടത്തിന് നല്കുക.
തൃക്കാക്കര മുന്സിപ്പല് സഹകരണ ആശുപത്രിക്ക് സമീപമുള്ള കാക്കനാട് വില്ലേജിലെ 16.19 ആര് സ്ഥലം തൃക്കാക്കര മുന്സിപ്പല് സഹകരണ ആശുപത്രിക്ക് നിലവിലുള്ള കമ്പോള വിലയുടെ 2 ശതമാനം വാര്ഷിക പാട്ട നിരക്കില് 30 വര്ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. ആശുപത്രിക്ക് നിലവില് പാട്ടത്തിന് നല്കിയ ഭൂമിയില് പാട്ട കുടിശ്ശികയും മറ്റും ഈടാക്കുന്നത് സംബന്ധിച്ച വിഷയം പ്രത്യേകമായി പരിഗണിക്കും.
* സാധൂകരിച്ചു
സംസ്ഥാന ചലചിത്ര വികസന കോര്പ്പറേഷനിലെ 152 സ്ഥിരം ജീവനക്കാര്ക്ക് 11-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.
തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ ലാന്ഡ് കണ്സര്വന്സി യൂണിറ്റിലെ ആറ് തസ്തികകള്ക്ക് 01.04.2024 മുതല് 31.03.2025 വരെയുള്ള കാലയളവിലേക്ക് തുടര്ച്ചാനുമതി നല്കിയ ഉത്തരവ് സാധൂകരിച്ചു.
* മുദ്രവിലയിൽ ഇളവ്
എറണാകുളം രായമംഗലം വില്ലേജില് പുല്ലുവഴിയില് പ്രവര്ത്തിച്ചു വരുന്ന ഋഷികുലം ചാരിറ്റബിള് ട്രസ്റ്റ് ദാനമായി നല്കുന്ന 99.34 ആര് പുരയിടവും അതില് സ്ഥിതി ചെയ്യുന്ന ശാരദാ ദേവി ക്ഷേത്രം, വീട്, ഓഫീസ് കെട്ടിടം മുതലായവയും വര്ക്കല ശിവഗിരി മഠത്തിന്റെ പേരില് ദാനാധാരമായി രജിസ്റ്റര് ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന് ഫീസ് ഇനങ്ങളില് വരുന്ന തുക പൂണമായി ഇളവ് ചെയ്ത് നല്കും.