ചരിത്രം മാറ്റിയെഴുതാൻ കഴിയാത്ത വിധം ചരിത്രത്തിന്റെ ഭാഗമാണെന്ന് തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, സാംസ്‌കാരിക വകുപ്പ്, പുരാവസ്തു – പുരാരേഖ വകുപ്പ്, ഗ്രന്ഥശാലാ സംഘം തുടങ്ങിയവരുടെ സഹകരത്തോടെ കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവോത്ഥാന പാരമ്പര്യങ്ങളെയും നവോത്ഥാന നായകരെയും അവഗണിച്ച് മുന്നോട്ടു പോകാൻ കഴിയില്ല. സാമൂഹിക അനീതികൾക്കെതിരെ നീണ്ട സമരങ്ങളിലൂടെയാണ് കേരളം കടന്നു പോയത്. കാലിക പ്രധാന്യമേറെയുള്ള സമയത്താണ് ക്ഷേത്രപ്രവേശന വിളംബര വാർഷികം സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബര സന്ദേശം ജനമനസ്സുകളിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ശാസ്ത്രീയമായി ഏറെ വളർന്ന മനുഷ്യ സമൂഹം വർത്തമാനക്കാലത്തിലും ജാതിയുടെയും മതത്തിന്റെയും പേരിൽ പോരടിക്കുന്നത് ശിലായുഗത്തിലേക്കുള്ള തിരിച്ചു പോകുന്നതിനു സമാനമാണെന്നും മന്ത്രി പറഞ്ഞു. സൂപ്രീംകോടതി വിധി ഉൾപ്പെടെയുള്ള ഏതൊരു ഭരണഘടനാ ഉത്തരവാദിത്വങ്ങളും നീതിപൂർവ്വം നടപ്പാക്കുകയാണ് സർക്കാരിന്റെ ദൗത്യം. വിശ്വാസികളുടേതു കൂടിയാണ് സർക്കാർ. മതേതരത്വത്തിന്റെ പൂങ്കാവനമാണ് ശബരിമലയെന്നും മന്ത്രി പറഞ്ഞു. പ്രളയക്കാലത്തെ മലയാളികളുടെ ഒത്തൊരുമ വലിയ ഉദാഹരണവും മാതൃകയുമാണ്. പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനായി എല്ലാവരും ഒന്നിച്ചിറങ്ങേണ്ട സമയമാണിത്. സങ്കുചിതമായ ഇടപ്പെടലുകൾ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നന്മയുടെ ഭാഗത്ത് നിലക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ നമ്മുക്കെല്ലാവർക്കും കഴിയണമെന്നും അതിനായി ഒരുമിച്ച് നിൽക്കണമെന്നും ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ. പറഞ്ഞു. പ്രശസ്ത സാഹിത്യക്കാരൻ കെ.പി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ, കൽപ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിതാ ജഗദീഷ്, ഉപാദ്ധ്യക്ഷൻ ആർ. രാധാകൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഉഷാ തമ്പി, ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, എഡിഎം കെ. അജീഷ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ, ഇൻചാർജ് സതീഷ് കുമാർ, എഡിസി (ജനറൽ) പി.സി. മജീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.എം. നാസർ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി. സാജിത തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് നാലിന് കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആരംഭിച്ച വർണ്ണാഭമായ വിളംബരം ഘോഷയാത്ര നഗര പ്രദക്ഷിണത്തിനു ശേഷം പൊതുയോഗ വേദിയായ കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡിൽ അവസാനിച്ചു. ക്ഷേത്രപ്രവേശന വിളംബരം, അരുവിപ്പുറം പ്രതിഷ്ഠ, വള്ളിയൂർക്കാവ് അമ്പലം തുടങ്ങിയ വിഷയത്തെ ആസ്പദമാക്കി ഫ്‌ളോട്ടുകളും ഉണ്ടായിരുന്നു. തുടർന്നാണ് പൊതുപരിപാടികൾ ആരംഭിച്ചത്. പൊതുസമ്മേളനത്തിനു ശേഷം തൃശ്ശിലേരി പി.കെ. കാളൻ സ്മാരക ഗോത്രകലാ പഠനഗവേഷണ കേന്ദ്രം അവതരിപ്പിച്ച ഗദ്ദിക, കൽപ്പറ്റ എമിലി ഉണർവ്വ് നാടൻ കലാകേന്ദ്രത്തിലെ രമേശും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
