വയനാട്: പോയകാലത്തെ സാമൂഹിക തിന്മകള്‍ക്കെതിരായ പ്രക്ഷോഭങ്ങളെ ഓര്‍മ്മപ്പെടുത്തി കല്‍പ്പറ്റയില്‍ ചരിത്ര ചിത്രപ്രദര്‍ശനം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പുരാവസ്തു, പുരാരേഖ, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ ഇരുള്‍ മൂടിയ ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നു. അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ജാതി ശ്രേണികള്‍, അസമത്വം, ക്ഷേത്രങ്ങളിലെ പ്രവേശന വിലക്ക് തുടങ്ങി നൂറുകണക്കിന് അനാചാരങ്ങള്‍ കേരളത്തെ വേട്ടയാടി. ഇതിനൊക്കെയെതിരായ പോരാട്ടങ്ങള്‍ സുവര്‍ണ ലിപികളാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ട സംഭവങ്ങളും ചരിത്രപരമായ ഉത്തരവുകളുടെ പകര്‍പ്പുകളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബ്രഹ്മാനന്ദ ശിവയോഗി, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, വക്കം മൗലവി, അയ്യങ്കാളി, മന്നത്ത് പത്മനാഭന്‍, പൊയ്കയില്‍ യോഹന്നാന്‍, വാഗ്ഭടാനന്ദന്‍, പണ്ഡിറ്റ് കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, വി.ടി. ഭട്ടതിരിപ്പാട്, ആനന്ദതീര്‍ത്ഥന്‍ തുടങ്ങിയ നവോത്ഥാന നായകരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ചരിത്ര ചിത്രപ്രദര്‍ശനത്തിന് പ്രസക്തിയേറെയുണ്ട്. ഇക്കാരണത്താല്‍ തന്നെ വിദ്യാര്‍ത്ഥികളക്കം നിരവധി പേര്‍ ശനിയാഴ്ച പ്രദര്‍ശന നഗരിയിലെത്തി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി. മണി, കൗണ്‍സിലര്‍ വി. ഹാരിസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനം നവംബര്‍ 12ന് സമാപിക്കും.
