വയനാട്: വിസ്മൃതികൾക്കെതിരെ ഓർമ്മകളുടെ പോരാട്ടമാണ് നമ്മൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ ജനകീയ സമരത്തിന് നേതൃത്വം നൽകിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പടക്കമുള്ളവർ ഇന്ത്യാ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടുമെന്നും പ്രശസ്ത സാഹിത്യക്കാരൻ കെ.പി. രാമനുണ്ണി. കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച ക്ഷേത്രപ്രവേശ വിളംബരം 82-ാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാം നമ്മളെ തന്നെ തിരിച്ചറിയുകയാണ് ക്ഷേത്രപ്രവേശന വിളംബര ചരിത്രത്തിലൂടെ. കേരളം പഴയതുപ്പോലെ വേണോ അതോ വേണ്ടയോ എന്ന ചോദ്യം പ്രസക്തമാകുന്ന കാലമാണിത്. പ്രതിസന്ധികളെ പ്രതിരോധിച്ചാണ് ഇന്നു കാണുന്ന നവോത്ഥാന മൂല്യങ്ങൾ കേരളം കൈവരിച്ചത്. അയ്യപ്പ തത്ത്വത്തിന് എതിരായി നിൽക്കുന്നവരാണ് ഇന്ന് ശബരിമലയെ സംരക്ഷിക്കാൻ വരുന്നത്. യഥാർത്ഥത്തിൽ അയ്യപ്പൻ എന്തിനുവേണ്ടി ജന്മം കൊണ്ടോ അതിനെതിരാണ് ഇന്നത്തെ പ്രതിഷേധക്കാരെന്നും കെ.പി. രാമനുള്ളി അഭിപ്രായപ്പെട്ടു. ആചാരാനുഷ്ഠാനങ്ങൾ മാറികൊണ്ടിരിക്കും എന്നാൽ മതത്തിന്റെ യഥാർത്ഥ മൂല്യം അതിൽ നിന്നും വിത്യസ്തമാണ്. ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ മതമൂല്യത്തിൽ നിന്നും പിന്നോട്ടു പോകുന്നത് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കുള്ള മടക്കമാണ്. ആരേയും പുറത്താക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഹിന്ദു ധർമ്മ തത്ത്വം. വിശ്വാസികളെന്നും അവിശ്വാസികളെന്നുമുള്ള വേർതിരിവ് ഹിന്ദുമത ധർമ്മ പാരമ്പര്യല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും കോടതികളും വിശ്വാസികൾക്കെതിരല്ലെന്ന് അവരെ ബോധവത്കരിക്കണം. അതിനായി യഥാർത്ഥ വിശ്വാസികളും പുരോഗമനവാദികളും മുന്നോട്ടു വരണമെന്നും കെ.പി. രാമനുണ്ണി ആവശ്യപ്പെട്ടു.