കൊച്ചി: മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ 85ാം നമ്പര്‍ വാലടിതണ്ടില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ കെട്ടിടം പണി ആരംഭിച്ചു. സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പന്ത്രണ്ട്  ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതോടെയാണ് അങ്കണവാടിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
പത്ത് വര്‍ഷത്തില്‍ അധികമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ചുറ്റും കാട് കയറി ഇഴ ജന്തുക്കളുടെ താവളമായി മാറിയ അങ്കണവാടി കാലപ്പഴക്കം ചെന്ന് ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അങ്കണവാടിയുടെ ശോച്യാവസ്ഥയെ തുടര്‍ന്ന് ഇവിടെ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭപ്പടുന്നത്. ഒരു കാലത്ത് പ്രദേശത്തെ നിരവധി കുട്ടികള്‍ ഹരിശ്രീയുടെ ബാലപാഠം കുറിക്കാന്‍ എത്തിയിരുന്ന അങ്കണവാടിയില്‍ ഇപ്പോള്‍ പതിമൂന്ന് കുട്ടികളാണ് ഉള്ളത്. അങ്കണവാടിക്ക് സ്വന്തമായി സ്ഥലത്തിനും കെട്ടിടത്തിനും വേണ്ടി പ്രദേശവാസികള്‍ വളരെ കാലമായി പ്രയത്‌നിച്ച് വരികയായിരുന്നു. ഭൂമിക്ക് വിലക്കൂടുതലുള്ള പ്രദേശത്ത് സൗജന്യമായി ഭൂമി നല്‍കാന്‍ ആരും തയ്യാറായിരുന്നില്ലായിരുന്നതു മൂലമാണ് അങ്കണവാടിക്ക് സ്വന്തം സ്വലവും കെട്ടിടവും എന്ന ആവശ്യം നീണ്ടു പോയത്.
സ്ഥലം സൗജന്യമായി ലഭിക്കുകയും കെട്ടിടം നിര്‍മിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും ധന സഹായം അനുവദിക്കുകയും ചെയ്തതോടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ, അങ്കണവാടിയിലെത്തി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.