330 പേർ നിരീക്ഷണത്തിൽ


നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ഞായർ) പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ (ജൂലൈ 21)  വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.  രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.

നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല.

രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സംസ്കാരം പ്രോട്ടോകോള്‍ പാലിച്ച് നടത്തും. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും സ്രവം എടുത്തു പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് ആദ്യം പരിശോധിക്കുക. സമ്പര്‍ക്ക പട്ടികയില്‍ നിന്നും ആരും വിട്ടുപോയിട്ടില്ലെന്ന കാര്യം വീണ്ടും പരിശോധിച്ച് ഉറപ്പാക്കും. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ കൂടുതല്‍ വിവരങ്ങളടങ്ങിയതും കൂടുതല്‍ വ്യക്തതയുമുള്ള റൂട്ട് മാപ്പ്  പുറത്തിറക്കും. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടേണ്ട ആരെയും വിട്ടു പോയിട്ടില്ല എന്നുറപ്പാക്കുന്നതിനായി കുട്ടി ചികിത്സയിലിരുന്ന ആശുപത്രികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.   പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ 307 വീടുകളില്‍ ഇന്നലെ (ജൂലൈ 21)  ഉച്ചയ്ക്ക് ശേഷം സര്‍വ്വേ നടത്തിയതില്‍ 18 പനിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആനക്കയത്ത് 310 വീടുകളില്‍ സര്‍വ്വേ യില്‍ 10 പനിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇവരാരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃ‍ത്യമായി നടത്തുന്നതിനും ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമായി പാണ്ടിക്കാട്, ആനക്കയം, പോരൂര്‍, കീഴാറ്റൂര്‍, തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും പെരിന്തല്‍മണ്ണ, മഞ്ചേരി നഗരസഭാ അധ്യക്ഷരുടെയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സ്വകാര്യ ആശുപത്രി മാനേജ്മെന്റ് എന്നിവരുടെ യോഗം ചേര്‍ന്ന് നിപ പ്രതിരോധനത്തില്‍ ഇവരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഐസൊലേഷന്‍ കഴിയുന്നവരുടെ വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പാക്കി.

സ്രവ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് നാളെ (ജൂലൈ 22) എത്തും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബിന്റെ സഹകരണത്തോടെ ഈ ലാബ് പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.