സമൂഹത്തില്‍ ജാതിമത-സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാന്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരിക പുരാവസ്തു പുരാരേഖ വിദ്യാഭ്യാസ വകുപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കേരള സാഹിത്യ ലളിതകലാ സംഗീതനാടക അക്കാദമി, ഒ.വി.വിജയന്‍ സ്മാരക സമിതി, ലക്കിടി തുഞ്ചന്‍ സ്മാരകം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ മൂന്ന് (നവംബര്‍10,11,12) ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്ര-പുരാരേഖ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ചരിത്ര പ്രാധാന്യങ്ങള്‍ ഏറെയുള്ള നവോത്ഥാനകാലഘട്ടത്തെ ഓര്‍മിച്ചാവണം എന്നും നമ്മുടെ പ്രവര്‍ത്തികള്‍ നടപ്പാകേണ്ടത്. ശുദ്ധാ-അശുദ്ധിയുടെ പേരില്‍ സ്ത്രീയുടെ അവകാശങ്ങള്‍ തടയപ്പെടുന്ന സാഹചര്യങ്ങളില്‍ മാറ്റം വരുത്തി സ്ത്രീ പുരുഷന് ഒപ്പമാണെന്ന് തെളിയിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ സമൂഹത്തില്‍ മാറ്റങ്ങള്‍ ആവശ്യമായ നിരവധി പ്രവര്‍ത്തികള്‍ ഉണ്ടെന്നും അതിനെ മറികടന്നില്ലെങ്കില്‍ വേരോടെ പിഴുതെറിയെപ്പെടണമെന്നും തനുജ വ്യക്തമാക്കി.
ജില്ലാ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന്‍ അധ്യക്ഷനായി. പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍, തുഞ്ചന്‍ സ്മാരക സമിതി സെക്രട്ടറി ചന്ദ്രന്‍ക്കുട്ടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
