ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഉന്നതവിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ ചരിത്രം സൃഷ്ടിക്കും: മന്ത്രി പി രാജീവ്


ക്യാംപസുകളുടെ അക്കാദമികവും നിപുണതയുമാർന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവിൽ വരുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. അക്കാദമിക ലോകവും തൊഴിൽ മേഖലയും തമ്മിലുള്ള അന്തരം കുറക്കേണ്ടതുണ്ട്.

പ്രൊഫഷണൽ കോളേജുകളെപ്പോലെ ആർട്‌സ് ആൻഡ് സയൻസ് കോളജുകൾക്കും നവീന ആശയങ്ങൾ സാക്ഷാത്ക്കരിക്കാവുന്നതാണ് വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അക്കാദമിക ആവശ്യങ്ങൾക്ക് ശേഷം മിച്ചമുള്ള ഭൂമിയെയാണ് പദ്ധതിയിലേക്ക് ഉൾപ്പെടുത്താവുന്നത്.

ആർട്സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാം. വ്യവസായ പാർക്ക് വികസിപ്പിക്കാൻ തയ്യാറുള്ള കുറഞ്ഞത് 5 ഏക്കർ ഭൂമിയുള്ളതോ അല്ലെങ്കിൽ കുറഞ്ഞത് 2 ഏക്കർ ഭൂമി കൈവശം വയ്ക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (SDF) നിർമ്മിക്കാൻ തയ്യാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏൽപ്പിച്ച ഭാവി സംരംഭകർക്കും സ്ഥാപനങ്ങൾക്കും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഡെവലപ്പർമാരാകാം. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനായി നിർദ്ദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും. ഇത് 2008ലെ കേരള നെൽവയൽ, തണ്ണീർത്തട ഭൂമി സംരക്ഷണ നിയമത്തിന്റെ പരിധിയിലോ പരിസ്ഥിതിലോല പ്രദേശങ്ങളിലോ (ESA) തീരദേശ നിയന്ത്രണ മേഖലയിലോ (CRZ) ഒഴിവാക്കപ്പെട്ട പ്ലാന്റേഷൻ ഏരിയയിലോ ഉൾപ്പെടുന്നതാകരുതെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓൺലൈനായി അപേക്ഷിക്കുന്നതാണ് നടപടി ക്രമം.  സ്ഥാപനം അല്ലെങ്കിൽ സ്ഥാപനം ചുമതലപ്പെടുത്തിയ സംരഭകൻ എൻ ഒ സി സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്പരം രൂപീകരിച്ച കരാറും സമർപ്പിക്കണ്ടതുണ്ട്. വൈദ്യുതി, വെള്ളം, റോഡ്, ഡ്രെയിനേജ്, ETP/CETP തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, ലബോറട്ടറി, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ സൗകര്യങ്ങൾ തുടങ്ങിയ പൊതു സൗകര്യങ്ങൾക്കായി ഒരു പാർക്കിന്  നിബന്ധനകൾക്ക് വിധേയമായി 150 ലക്ഷം രൂപ വരെ പരിധിയിൽ, ഏക്കറിന് 20 ലക്ഷം രൂപ വരെ വായ്പയായി നൽകും. ഓരോ കാമ്പസിനും ഇൻഡസ്ട്രിയൽ പാർക്കിന് വിൻഡോ ക്ലിയറൻസ് ബോർഡ് രൂപീകരിക്കുകയും അനുമതിക്കുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യും.

ഈ വർഷം 25 പാർക്കുകൾക്ക് അനുമതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ മികച്ച വ്യവസായ സംരഭങ്ങൾ എത്തുന്ന പക്ഷം അവയ്ക്ക് കൂടി അനുമതി നൽകുന്നത് പരിഗണിക്കും. പാർട്ട് ടൈം ജോലിയോടെ പഠനം തുടരുന്ന വിദ്യാർഥികൾക്ക് ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംരഭക സമൂഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിലുണ്ടായിരുന്ന ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചത് ഇതിന്റെ ഉദാഹരണമാണ്. വ്യവസായ സംരഭങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കൽ പരാതി  പരിഹരിക്കൽ, അനുമതി നൽകൽ എല്ലാം സുതാര്യമായി ഏകജാലക സംവിധാനത്തിലൂടെ പരിശോധിച്ച് അനുമതി നൽകുന്ന രീതി നിലവിൽ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

        ചടങ്ങിൽ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതമാശംസിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ, കിൻഫ്ര  തോമസ് മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി എന്നിവർ ആശംസകളർപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ കൃതജ്ഞതയറിയിച്ചു.