ക്യാന്‍വാസില്‍ ചായക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ നവോത്ഥാനമൂല്യങ്ങള്‍ കോര്‍ത്തിണക്കിയ നവോത്ഥാന സമൂഹ ചിത്രരചന ശ്രദ്ധേയമായി. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രണ്ടാംദിനം ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നവോത്ഥാന സമൂഹ ചിത്രരചന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ. പി ഉണ്ണി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. തിരിച്ചറിവുകളില്‍ നിന്നാവണം ഓരോ ചിത്രകാരനും ചിത്രം വരയ്ക്കേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടന വേളയില്‍ പറഞ്ഞു. ക്യാന്‍വാസുകളില്‍ അക്രിലിക് ചായക്കൂട്ടുകളിലൂടെ നവോത്ഥാനകാലഘട്ടത്തിലെ വിവിധ ഏടുകളാണ് ചിത്രകാരന്മാര്‍ പകര്‍ത്തിയത്. നവോത്ഥാന സമൂഹ ചിത്ര രചനയില്‍ മുപ്പതോളം വിദ്യാര്‍ത്ഥികളും പ്രശസ്ത ചിത്രകാരന്‍ ബസന്ത് പെരിങ്ങോട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജും സംഘാടകസമിതി കണ്‍വീനറുമായ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ ഇരുപതോളം ചിത്രകാരന്മാരും ചിത്രകാരികാരികളും പങ്കാളികളായി. ചിത്രരചനയ്ക്ക് നേതൃത്വം നല്‍കിയ ബൈജുദേവ് പരിപാടിയില്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ടി .ആര്‍. അജയന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ മോഹനന്‍, രഘു എന്നിവര്‍ സംസാരിച്ചു.