കേരളത്തിന്റെ ഇന്നലെകളെക്കുറിച്ചും നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുളള പോരാട്ടങ്ങളേയും നവോത്ഥാനനായകരേയും കുറിച്ച ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന മുന്നറിയിപ്പ് പുതുതലമുറയ്ക്ക് നല്‍കി പാലക്കാടന്‍ കവിതക്കൂട്ടവും കഥാക്കൂട്ടവും കഥകളും കവിതകളും അവതരിപ്പിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ് 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ കഥകളുടെയും കവിതകളുടെയും അവതരണം പ്രശസ്ത സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.
നവോത്ഥാന കാലഘട്ടത്തിലെ സാഹിത്യം ജനങ്ങളെ സ്വാധീനിച്ചത് ആ കാലഘട്ടം ആവശ്യപ്പെടുന്ന നവോത്ഥാന സംസ്‌കാരത്തെ ചര്‍ച്ച ചെയ്തു കൊണ്ടാണ്. കീഴാളന്റെയും അധകൃത വര്‍ഗ്ഗത്തിന്റെയും ജീവിതം വരച്ചുകാട്ടിയ സാഹിത്യരചനകള്‍ ജനമനസ്സുകളില്‍ ഇടംനേടി. ചങ്ങമ്പുഴയും കുമാരനാശാനും ഒക്കെ സാധാരണ മനുഷ്യ ജീവിതങ്ങളെ സാഹിത്യത്തിലേക്ക് ആവാഹിച്ചവരാണ്. നവോത്ഥാന പരിവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രധാനകാരണം ക്ഷേത്രപ്രവേശനവിളംബരം ആയിരുന്നു. ഇത് പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ഇന്നത്തെ സാഹിത്യത്തിന് കഴിയേണ്ടതുണ്ട.് സാമൂഹ്യ പരിവര്‍ത്തനത്തെ എങ്ങനെയാണ് ചണ്ഡാലഭിക്ഷുകിയും രമണനും വാഴക്കുലയും സാഹിത്യത്തില്‍ ചേര്‍ത്തതെന്ന് മുണ്ടൂര്‍ സേതുമാധവന്‍ വ്യക്തമാക്കി. സാഹിത്യകൂട്ടത്തിന് ടി.കെ. ശങ്കരനാരായണന്‍ അധ്യക്ഷനായി. സുരേഷ് കുമാറിന്റെ ‘വാക്കാണെന്‍ സമരായുധം’ എന്ന പുസ്തകം ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. ഡോ. സി. ഗണേഷ് പുസ്തകം ഏറ്റുവാങ്ങി. യു. ജയപ്രകാശ് പുസ്തകത്തിലെ ഉള്ളടക്കം വിലയിരുത്തി. സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി. ആര്‍. അജയന്‍, രാജേഷ് മേനോന്‍, ഉണ്ണികൃഷ്ണന്‍ ചാഴിയാട് എന്നിവര്‍ സംസാരിച്ചു. ഇന്ദുലേഖ വയലാര്‍, ഇ. കെ. ജലീല്‍, എം കൃഷ്ണദാസ,് എസ്. വി അമര്‍ തുടങ്ങി നൂറോളം എഴുത്തുകാര്‍ കഥയും കവിതയും അവതരിപ്പിച്ചു.
