ആചാരമായിരുന്ന മതത്തെ ധാര്‍മ്മികമൂല്യമാക്കി മാറ്റാനാണ് നവോത്ഥാനം ശ്രമിച്ചതെന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച നവോത്ഥാനം: ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പലതരം ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ആധുനിക കേരളം രൂപപ്പെട്ടത്. ജാതിവിരുദ്ധതയിലും സ്ത്രീവിമോചനത്തിലും അധിഷ്ഠിതമായ മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു കേരളീയ നവോത്ഥാനം. മതം ആചാരമല്ലെന്നും മൂല്യബോധമാണെന്നും നാരായണഗുരു നമ്മെ പഠിപ്പിച്ചു. നിരവധി പോരാട്ടങ്ങളിലൂടെയാണ് നാം ഇന്നു കാണുന്ന കേരളം രൂപപ്പെട്ടത്.

നവോത്ഥാനത്തിന് വ്യത്യസ്തമായ ധാരകളുണ്ടായിരുന്നു. മതനവീകരണത്തിന്റേയും ജാതി ഉന്മൂലനത്തിന്റേയും സമുദായ പരിഷ്‌കരണത്തിന്റേതുമായ ഇത്തരം നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് മുന്നോട്ടുപോയത്. സ്വാഭിമാനത്തിനായുള്ള പോരാട്ടങ്ങളില്‍ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയും പൊയ്കയില്‍ കുമാരഗുരുവും വാഗ്ഭടാനന്ദനുമുള്പ്പെടെയുള് ളവര്‍ നേതൃത്വം നല്‍കി. ഇവരുയര്‍ത്തിയ മൂല്യബോധങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ബ്രാഹ്മണ്യത്തെയും വര്‍ഗ്ഗീയതയെയും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങള്‍ മോശക്കാരാണെന്ന് സ്വയം പ്രഖ്യാപിച്ചു ജാഥ സംഘടിപ്പിക്കാന്‍ ലോകത്തൊരിടത്തും ആരും ശ്രമിക്കുകയില്ല.
സ്ത്രീശരീരത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചായിരുന്നു ചാന്നാര്‍ സമരം നടന്നത്. ഇത് കേരളത്തിന്റെ നവോത്ഥാന ചരിത്ര സമരത്തിലെ ഉജ്ജ്വല ഏടാണ്. ഈ മുന്നേറ്റത്തില്‍ നിന്നാണ് നവോത്ഥാനത്തിന് തുടക്കമാകുന്നത്. നവോത്ഥാന കാലത്ത് സമുദായമെന്നത് ജാതിയെ ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി ആയിരുന്നില്ല. മറിച്ച് ജാതിയെ ഉന്മൂലനം ചെയ്യുന്നതിനായിരുന്നു. നവോത്ഥാന നായകരും ഇത്തരമൊരു ആശയത്തെയാണ് മുന്നോട്ട് വച്ചത്. എന്നാല്‍ അവരെ ജാതീയമായ കള്ളികളില്‍ ഉറപ്പിക്കാനാണ് യാഥാസ്ഥിതികര്‍ ശ്രമിക്കുന്നത്. നാരായണഗുരു വലിയ മനുഷ്യ സങ്കല്പത്തെയാണ് മുന്നോട്ട് വച്ചത്. എന്നാലത് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ആധുനിക ജനാധിപത്യത്തിന് നല്‍കാവുന്ന ഏറ്റവും വലിയ നൈതിക മൂല്യത്തെ ലോകത്തിന് സംഭാവന ചെയ്ത മഹാനായിരുന്നു നാരായണഗുരു. മതം ആചാരമാകുന്നിടത്ത് മൂല്യം തകരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആചാരത്തെ നിഷേധിച്ചുകൊണ്ട് സമരോത്സുകമായ ഇടപെടല്‍ നടത്തിയത് നാരായണഗുരുവാണ്. അരുവിപ്പുറം പ്രതിഷ്ഠ അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
ജാതിവിരുദ്ധമായി രൂപപ്പെട്ട സമുദായമെന്ന സങ്കല്പം ജാതിസ്വത്വപരമായ ഉള്ളടക്കത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ഇന്ന് ശ്രമം നടത്തുകയാണ്. ജാതിവിമര്‍ശനം റദ്ദാക്കപ്പെടുകയും നവോത്ഥാനത്തിന്റെ മൂല്യമണ്ഡലത്തെ നമ്മുടെ ജീവിതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതുമാണ് സാമൂഹ്യമാറ്റത്തിന് തിരിച്ചടിയേല്‍ക്കാന്‍ കാരണം. ജാതിഭ്രാന്തിലൂടെയും വര്‍ഗ്ഗീയതയിലൂടെയും കേരളത്തെ വിഭജിക്കാന്‍ നടക്കുന്ന ശക്തികള്‍ക്ക് ഇത് അനുകൂലമായ സാഹചര്യം നല്‍കി. കേരളത്തിലെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ നേരിടണം. ജനാധിപത്യത്തിനെതിരായി ഉയരുന്ന അക്രമങ്ങള്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി സ്വാഗതം പറഞ്ഞു.