ചിങ്ങം 1 കർഷക ദിനത്തിൽ  രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. പ്രദേശത്തെ പ്രമുഖ കർഷകനായ കർഷക അവാർഡ് ജേതാവ് കെ വി രാഘവൻ, അജാനൂർ പഞ്ചായത്ത് അധ്യാപക കർഷക അവാർഡ് ജേതാവ് വിദ്യാലയത്തിലെ തന്നെ അധ്യാപകനായ സി അനീഷ്, പ്ലസ് വണ്ണിലെ കുട്ടി കർഷകനായ വി. വിഷ്ണു എന്നിവരെയാണ് ആദരിച്ചത്. സ്ക്കൂൾ എൻഎസ്എസ്സിൻ്റെ ചാർജ് വഹിക്കുമ്പോൾ പച്ചക്കറി കൃഷി, കപ്പകൃഷി തുടങ്ങിയവയിൽ മികച്ച സേവനം നൽകാൻ അനീഷിന് സാധിച്ചിട്ടുണ്ട്. ഈ വർഷം സ്കൂൾ എൻ എസ് എസ് രാഘവൻ കെവിയുടെ വയലിലാണ് നെൽകൃഷി ചെയ്യുന്നത്.
അദ്ദേഹത്തിൻ്റെ പച്ചക്കറി തോട്ടം കുട്ടികൾ സന്ദർശിക്കുകയും കൃഷിരീതി മനസ്സിലാക്കുകയും ചെയ്തു.  കക്കരി നൽകിയാണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്. കാഞ്ഞങ്ങാട്  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി. പുഷ്പ കർഷകരെ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ് , സ്റ്റാഫ് സെക്രട്ടറി എ ആശാലത ഉണ്ണികൃഷ്ണൻ പി രാജി വി ദീപ പി എന്നിവർ സംസാരിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി നേതൃത്വം നൽകി.