* കർഷക അവാർഡുകൾ വിതരണം ചെയ്തു
* കതിർ ആപ്പ് ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു
* വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ചടങ്ങിൽ ആദരാഞ്ജലി
കാർഷിക സ്വയംപര്യാപ്തത എന്നത് ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തമായി കൂടി ഏറ്റെടുത്താൽ മാത്രമേ നമ്മൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള കാർഷിക മുന്നേറ്റം കൈവരിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിങ്ങം ഒന്നിന് കർഷകദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കർഷക അവാർഡ് വിതരണവും കതിർ ആപ്പ് ലോഞ്ചിംഗും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാർഷിക സ്വയംപര്യാപ്തത നമ്മുടെ സമ്പദ്ഘടനയുടെ സുസ്ഥിരമായ നിലനിൽപ്പിന് എത്രത്തോളം അനിവാര്യമാണെന്ന് നമ്മുടെ അയൽ രാജ്യങ്ങളുടെ അവസ്ഥ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാർഷിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉത്തരവാദിത്വപൂർണ്ണമായി ഏറ്റെടുക്കാൻ കൂടി ഈ കർഷകദിനാചരണം ഉപകരിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചിങ്ങം ഓണത്തിന്റെ മാത്രമല്ല വിളവെടുപ്പിന്റെ കൂടി മാസമാണ്. കാർഷിക സംസ്കൃതിയുമായി നമ്മുടെ ആഘോഷങ്ങൾക്കുള്ള അഭേദ്യമായ ബന്ധമാണ് ഇതു സൂചിപ്പിക്കുന്നത്. സാധാരണയായി ചിങ്ങമാസം സന്തോഷത്തിന്റെ കൂടി മാസമാണ്. കാരണം, മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഈ മാസമാണ്. നാടെങ്ങും ഓണാഘോഷങ്ങളും ഒത്തുചേരലുകളും ഒക്കെയായി സന്തോഷം നിറയുന്ന കാലമാണത്. എന്നാൽ ഇത്തവണ മനസ്സുതുറന്ന് സന്തോഷിക്കാവുന്ന ഒരു അവസ്ഥയിലല്ല നമ്മൾ. വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തം നമ്മളെ ഏവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കുറച്ചുനാൾകൊണ്ടോ ചെറിയ ഇടപെടലുകൾകൊണ്ടോ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല അവിടുത്തെ സാധാരണ ജീവിതം. അതിന് വളരെ വലിയ പരിശ്രമം തന്നെ വേണ്ടിവരും. അതിനായി ഒരുമിച്ചു നിൽക്കും എന്ന പ്രതിജ്ഞയാണ് ഈ മലയാള വർഷാരംഭത്തിൽ നാം എടുക്കേണ്ടത്.
നമുക്കെല്ലാവർക്കും അറിയുന്നതുപോലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ അടിസ്ഥാന കാരണം കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്ന മേഖലയാണല്ലോ കാർഷികമേഖല. ഇത് കാർഷികമേഖലയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ചുമാകണം ഈ ദിനത്തിൽ പ്രധാനമായും ചർച്ച ചെയ്യേണ്ടത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നമ്മുടെ രാജ്യത്ത് മഴയെ ആശ്രയിച്ചുള്ള നെല്ലിന്റെ വിളവ് 2050 ൽ 20 ശതമാനവും 2080 ൽ 47 ശതമാനവും കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗോതമ്പിന്റെ വിളവാകട്ടെ 2050 ൽ 19.3 ശതമാനവും 2080 ൽ 40 ശതമാനവും കുറയുമെന്നും, ഖാരിഫ്, ചോളം എന്നിവയുടെ വിളവ് ഇതേ വർഷങ്ങളിൽ യഥാക്രമം 18 ഉം 23 ഉം ശതമാനമായി കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കഴിഞ്ഞില്ലായെങ്കിൽ ഭാവിയിൽ ഭക്ഷ്യലഭ്യതാ കുറവും പോഷകാഹാര കുറവും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നർത്ഥം.
കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാർഷികരംഗത്ത് എത്രമാത്രം ദോഷമാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് ഈ വർഷത്തെ കണക്കുകൾ മാത്രം പരിശോധിച്ചാൽ മതി. 2024 ഫെബ്രുവരി മുതൽ മെയ് വരെയുണ്ടായ കടുത്ത വരൾച്ചയും ഉഷ്ണതരംഗവും തുടർന്നുണ്ടായ അതിതീവ്ര മഴയും മൂലം കേരളത്തിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വരൾച്ച മൂലം സംസ്ഥാനത്ത് പ്രത്യക്ഷമായി 257.12 കോടി രൂപയുടെയും പരോക്ഷമായി 118.69 കോടി രൂപയുടെയും നഷ്ടം ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ട്. 56,947 കർഷകരെയാണ് വരൾച്ച ബാധിച്ചത്. അതിതീവ്ര മഴയാകട്ടെ 51,231 കർഷകരെയാണ് ദോഷകരമായി ബാധിച്ചത്. 16,004 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയ്ക്ക് ആഘാതം ഏൽപ്പിക്കുന്നതുപോലെ കാർഷിക മേഖലയിലെ ചില ഇടപെടലുകൾ പരിസ്ഥിതിക്കും ദോഷകരമാകുന്നുണ്ട്. ഇവ മനസ്സിലാക്കാനും അത്തരം പ്രവണതകൾ ഒഴിവാക്കാനും കർഷകർക്ക് കഴിയണം. അങ്ങനെ കൃഷിയും പരിസ്ഥിതിയും പരസ്പരപൂരകത്വ സ്വഭാവത്തോടെ നീങ്ങാനുള്ള ചർച്ചകൾ കൂടി ഈ കർഷകദിനത്തിന്റെ ഭാഗമായി ഉയർന്നുവരണം. അതിനുതകുന്ന ചില നിർദ്ദേശങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകമാകെ ഇന്ന് സ്മാർട്ട് ഫാമിങ്ങിലേക്ക് മാറുകയാണ്. ഇതിന്റെ സാധ്യതകൾ നമ്മുടെ നാട്ടിലും പരിശോധിക്കപ്പെടണം. മൂന്ന് പ്രധാന കാര്യങ്ങളാണ് സ്മാർട്ട് ഫാമിങ്ങിലൂടെ ലക്ഷ്യം വെക്കുന്നത്. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നതാണ് അതിലൊന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ചെറുക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ കൃഷിരീതികളെ മാറ്റിയെടുക്കുന്ന ഒരു അഡാപ്റ്റേഷൻ പ്രോസസ്സാണ് രണ്ടാമത്തേത്. കാർഷിക മേഖലയിലെ ഇടപെടലുകൾ കാരണം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങളെ ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നതാണ് മൂന്നാമത്തെ ഘടകം. ഈ ത്രിതല ഇടപെടൽ സമാന്തരമായി നടത്തി സ്മാർട്ട് ഫാമിംഗ് നമ്മുടെ നാട്ടിൽ എങ്ങനെ വിജയകരമായി നടപ്പാക്കാം എന്ന കാര്യം നിങ്ങളുടെ ആലോചനയിലേക്ക് വിടുന്നു.
പരിസ്ഥിതിക്ക് അനുയോജ്യമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും, ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനും നമുക്കു കഴിയണം. ഓരോ പ്രദേശത്തും ജലസേചനം ഒരുക്കുന്നതിന് ചെറുകിട പദ്ധതികൾ അടക്കം ആവിഷ്കരിക്കാവുന്നതാണ്. ജനങ്ങളുടെ കൂട്ടായ്മ തന്നെ അത്തരം ജലസേചന പദ്ധതികൾ നടപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനും മുന്നോട്ടു വരണം. കാർഷിക മേഖലയ്ക്കു വേണ്ടി മാത്രമല്ല, മറ്റ് ആവശ്യങ്ങൾക്കും ജലം ഉപയോഗിക്കാവുന്ന തരത്തിൽ ചെറുകിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യം പരിഗണിക്കണം. മഴവെള്ള സംഭരണികൾ അടക്കം ജലലഭ്യത ഉറപ്പാക്കുന്നതിന് ഉപയോഗിക്കാവുന്നവയാണ്. മെച്ചപ്പെട്ട ജലസേചന ഡ്രൈനേജ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ മണ്ണൊലിപ്പും മണ്ണിടിച്ചിലും ഒരു പരിധിവരെ തടയാനാകും. ഇത് പാരിസ്ഥിതിക ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുകയും ചെയ്യും.
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് നമ്മുടെ കാർഷിക കലണ്ടറിലും സമൂലമായ മാറ്റങ്ങൾ ആവശ്യമായി വരികയാണ്. ഇക്കാര്യത്തിൽ ഈ മേഖലയിലെ വിദഗ്ധർക്ക് പലതും ചെയ്യാനാകും. പുതിയ കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കൃഷിരീതികൾ വികസിപ്പിക്കാനും അവ കൃത്യമായ സമയങ്ങളിൽ നടപ്പാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ‘മകരത്തിൽ മഴപെയ്താൽ മലയാളം മുടിയും’ എന്ന ചൊല്ലുണ്ട്. അതായത് മകരത്തിലെ മഴ വിളവെടുപ്പ് കുറയ്ക്കും എന്നാണ് പറയുന്നത്. ഈ ചൊല്ല് ഉണ്ടാകുന്ന കാലത്ത് മകരമാസം മഴയുള്ള മാസമായിരുന്നിരിക്കില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഏത് മാസത്തിൽ വേണമെങ്കിലും മഴ പെയ്യാം. അതിന്റെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി മനസ്സിലാക്കി കാർഷിക കലണ്ടറിൽ അടക്കം മാറ്റം വരുത്തേണ്ടതുണ്ട്. പഴയ രീതി മാത്രമേ പിന്തുടരൂ എന്ന വാശി വേണ്ട എന്നർത്ഥം. അതിനുതകുന്ന ഇടപെടലുകൾ ഉണ്ടാവണം. ഇത്തരം വിഷയങ്ങളിൽ ഗൗരവതരമായ ചർച്ച ഉയർത്തിക്കൊണ്ടുവരണം.
ഈ കാഴ്ചപ്പാടോടെയാണ് കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നത്. കേരളത്തിലെ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് 2024-25 സാമ്പത്തിക വർഷം മുതൽ ഒരു പുതിയ പദ്ധതി നടപ്പാക്കുകയാണ്. കാർഷിക – കാലാവസ്ഥാ പ്രതിരോധ – മൂല്യവർദ്ധിത ശൃംഖലാ നവീകരണം (കെ ഇ ആർ എ). പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി മൂല്യവർദ്ധനയ്ക്കായി ചെറുകിട കർഷകരുടെ വാണിജ്യവത്ക്കരണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാന പഠനം, അഗ്രോ ഇക്കോളജിക്കൽ സോൺ അടിസ്ഥാനമാക്കിയുള്ള കൃഷി, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ ശാക്തീകരണം, അഗ്രോപാർക്കുകളുടെ രൂപീകരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ചെറുകിട തോട്ടവിള കർഷകർക്ക് സുസ്ഥിരമായ സാമ്പത്തിക വർദ്ധനവ് ലഭിക്കുംവിധം, റീ-പ്ലാന്റിംഗിനുള്ള ധനസഹായം നൽകാനും ഇതുവഴി സാധിക്കും.
കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുക, കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുക, കാർഷികോൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, ഉൽപ്പന്ന സംഭരണം, മൂല്യവർദ്ധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരികയാണ്. അതിൽ എടുത്തു പറയേണ്ടതാണ് മൂല്യവർദ്ധന ലക്ഷ്യം വച്ച് രൂപീകരിച്ച മൂല്യവർദ്ധിത കാർഷിക മിഷൻ.
കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് വിള ഇൻഷുറൻസ് പദ്ധതികൾ കർഷക സൗഹൃദവും ആകർഷകവുമാക്കുവാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ 33 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കാർഷിക മേഖലയിൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ എന്ന പോലെ ഉൽപ്പന്നസംസ്കരണത്തിന്റെയും മൂല്യവർദ്ധനവിന്റെയും കാര്യത്തിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫാം പ്ലാൻ പദ്ധതി പ്രകാരം മൂല്യവർദ്ധിത സംരംഭങ്ങൾക്കായി 2 കോടി രൂപ നീക്കിവച്ചു. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പ്രകാരം രൂപീകരിച്ചിട്ടുള്ള കൃഷിക്കൂട്ടങ്ങളിൽ മൂല്യവർധന മേഖലയിൽ ഇടപെടുന്നതിനായി ധനസഹായം ലഭ്യമാക്കി. കൂടാതെ കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക കൂട്ടായ്മകളുടെയും ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനും, കേരളത്തിലെ ഉൽപ്പന്നങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുമായി ‘കേരളാഗ്രോ’ എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.
മൂല്യവർദ്ധനവ് ലക്ഷ്യമാക്കി കൃഷി വകുപ്പ് നടപ്പിലാക്കിവരുന്ന പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യു അഡിഷൻ പദ്ധതിയായ എസ് എഫ് എ ഡി മുഖേന, സൂക്ഷ്മ – ചെറുകിട സംരംഭങ്ങൾക്കും എഫ് പി ഒകൾക്കുമായി 2023-24 സാമ്പത്തിക വർഷത്തിൽ 6 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം ഒരുക്കുന്നതിനായി കേരള അഗ്രോബിസിനസ് കമ്പനി (കാബ്കോ) രൂപീകരിച്ചിട്ടുണ്ട്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പൊതു ബ്രാൻഡിംഗ് നടപ്പാക്കുക, അവയ്ക്ക് ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള വിപണികളെ കണ്ടെത്താൻ സഹായിക്കുക, അഗ്രിപാർക്കുകൾ, അഗ്രി ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവ സ്ഥാപിക്കുക, വിപണികളെ പരമാവധി നവീകരിക്കുകയും സംസ്കരണ വിപണനത്തിന് സജ്ജീകരിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കാർഷിക നവീകരണം, ഉത്പന്നങ്ങളുടെ വിപണനം, മൂല്യവർദ്ധന തുടങ്ങിയ മേഖലകളിൽ ഏകോപിത ഇടപെടലുകളിലൂടെ കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധനവ് സൃഷ്ടിക്കുക എന്നതാണ് സുപ്രധാന ലക്ഷ്യം. അതിനായി സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റങ്ങളെ കാർഷിക മേഖലയിലേക്ക് സ്വാംശീകരിച്ച് നവീനമായ കൃഷിമാതൃകകൾ പിന്തുടരുകയാണ്. നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 45 ടണ്ണായി ഉയർത്തിയും നാളികേരത്തിന്റെ ശരാശരി ഉത്പാദനം വർദ്ധിപ്പിച്ചും മറ്റു വിളകൾക്ക് കൃത്യമായ ടാർജറ്റ് നിശ്ചയിച്ചുമാണ് കാർഷികോത്പാദനരംഗത്ത് സർക്കാർ ഇടപെടൽ നടത്തിവരുന്നത്.
മൂല്യവർധിത ഉൽപ്പന്നങ്ങളടക്കമുൾക്കൊള്ളുന്ന ദ്വിതീയ കാർഷികമേഖലക്ക് പ്രാധാന്യം നൽകിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തരിശ് ഭൂമികൾ കൃഷി യോഗ്യമാക്കിയും കർഷക സൗഹൃദ മൊബൈൽ ആപ്ലിക്കേഷന് തുടക്കം കുറിക്കുകയും ചെയ്യുകയാണ്. കേരള ഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ 14 ജില്ലകളിലും എത്തുകയാണ്. വിഷരഹിതമായ വ്യാപക പച്ചക്കറി കൃഷിയിട പദ്ധതിയിലേക്ക് സംസ്ഥാനം കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുതിർന്ന കർഷകനായ പി ഗംഗാധരൻ, കർഷക തൊഴിലാളി പി നെൽസൻ എന്നിവരെ മന്ത്രി ജി.ആർ. അനിൽ ആദരിച്ചു.
2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും ഏറ്റുവാങ്ങി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡ് വൈക്കം ബ്ലോക്ക് പഞ്ചായത്തും എം എസ് സ്വാമിനാഥൻ അവാർഡ് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡ് പുതൂർ കൃഷി ഭവനും മികച്ച ട്രാൻസ് ജൻഡർ കർഷകക്കുള്ള അവാർഡ് ശ്രാവന്തിക എസ് പിയും ഏറ്റുവാക്കി. വി വി രാഘവൻ സ്മാരക അവാർഡ് കൃഷി ഭവൻ മീനങ്ങാടിയും പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് മാതകോട് നെല്ലുൽപാദക പാടശേഖര സമിതിയും ഏറ്റുവാങ്ങി. ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിനുള്ള ഒന്നാം സ്ഥാനത്തിനുള്ള അവാർഡ് ചേകോടി ഊരിനും രണ്ടാംസ്ഥാനത്തിനുള്ള പുരസ്കാരം മേമാരി ഊരിനും സമ്മാനിച്ചു. കേര കേസരി അവാർഡ് മലപ്പുറം താനാളൂർ സ്വദേശി സുഷമ പി ടിയും പൈതൃക കൃഷി നടത്തുന്ന ആദിവാസി ഊരിനും വ്യക്തിക്കുമുള്ള അവാർഡ് വയനാട് നെല്ലാറ പട്ടികവർഗ കർഷക സംഘവും ജൈവകർഷക അവാർഡ് കോട്ടയം മരങ്ങാട്ടുപള്ളി രശ്മി മാത്യുവും യുവകർഷക അവാർഡ് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹരിവരതരാജ് ജിയും ഹരിതമിത്ര അവാർഡ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത്ത് എസ് പിയും ഹൈടെക് കർഷകനുള്ള അവാർഡ് തിരുവനന്തപുരം സ്വദേശി തൻവീർ അഹമ്മദ് ജെയും ചടങ്ങിൽ ഏറ്റുവാങ്ങി.
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എം എൽ എ മാരായ ആന്റണി രാജു, കെ ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, മുതിർന്ന കർഷകനായ പി ഗംഗാധരൻ, കർഷക തൊഴിലാളി പി നെൽസൻ, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള എന്നിവർ സംബന്ധിച്ചു.