നവോത്ഥാന സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശിയ സംവാദം
നവോത്ഥാന കാലഘട്ടത്തില്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിലേക്കും വര്‍ത്തമാനകാലത്തില്‍ സ്ത്രീകള്‍ ഏറ്റെടുക്കേണ്ട സമരത്തിലേക്കും വെളിച്ചം വിശിയ സംവാദം ശ്രദ്ധേയമായി. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വി.ജെ.ടി ഹാളിലാണ് നവോത്ഥാനം സ്ത്രീസമൂഹം പൗരാവകാശം എന്ന വിഷയത്തില്‍ സംവാദം നടന്നത്.
കേരളത്തെ ഇരുണ്ട കാലത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് മോഡറേറ്ററായിരുന്ന മാധ്യമ പ്രവര്‍ത്തക ഗീതാ നസീര്‍ പറഞ്ഞു. ചരിത്രത്തെ വെറുതെ വായിക്കുന്നതിനു പകരം രാഷ്ട്രീയ വായന നടത്തേണ്ട കാലമാണിത്. ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ആചാരങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിനു വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ഉണ്ടായിട്ടുള്ളതാണ്. ഇരുണ്ട കാലത്തെ ഓര്‍മ്മപ്പെടുത്തിയ തരത്തിലാണ് നാമജപഘോഷയാത്രകള്‍ നടന്നുകൊണ്ടിരിക്കുന്നത്. നങ്ങേലിയെപ്പോലുള്ളവര്‍ നടത്തിയ പോരാട്ടങ്ങള്‍ പുതിയ കാലത്തും ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സമരാഭാസങ്ങള്‍. ശാസ്ത്രം മുന്നേറിയിട്ടും അനാചാരങ്ങളെ തള്ളിക്കളയാന്‍ കേരളം തയാറാകുന്നില്ല. എന്നാല്‍ ജനാധിപത്യ സമൂഹം പഴയതുപോലെ തന്നെ ഇതിനെതിരെ രംഗത്തു വരുമെന്നും അവര്‍ പറഞ്ഞു.
ആയിരക്കണക്കിന് മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ആധുനിക കേരളം രൂപപ്പെട്ടതെന്ന് ചലച്ചിത്ര സംവിധായക വിധു വിന്‍സന്റ് പറഞ്ഞു. ആചാരങ്ങള്‍ ഓരോരുത്തവരുടെയും സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന പോരാട്ടത്തില്‍ സ്ത്രീകളും രക്തസാക്ഷികളായിട്ടുണ്ട്. എന്നാല്‍ അത്തരം സംഭവങ്ങള്‍ ഒരു ചരിത്രഗ്രന്ഥങ്ങളിലും കാണാന്‍ കഴിയുന്നില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ആഘോഷം നടക്കുന്ന സമയത്തും ജാതീയമായ അനീതികള്‍ കേരളത്തിന്റെ പലഭാഗത്തും ഉണ്ടാകുന്നുണ്ട്. കേരളത്തെ പുറകോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടതാണ്. പുതു തലമുറയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
   ഭരണഘടനയില്‍ പറയുന്ന ലിംഗസമത്വം നടപ്പാക്കാന്‍പോലും കഴിയാത്ത തരത്തില്‍ കേരളം മാറുന്നത് പഴയ ആധിപത്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മാധ്യമപ്രവര്‍ത്തക എം.എസ് ശ്രീകല പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നടപ്പാക്കാന്‍ കൂടുതല്‍ സമയമെടുക്കും. ചരിത്രം അതാണ് തെളിയിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയിട്ടും പൊതുവഴിയിലൂടെ നടക്കാന്‍ അയ്യന്‍കാളിക്ക് വീണ്ടും സമരം ചെയ്യേണ്ടി വന്നു. പഴയ കാലത്തു ആചാരങ്ങള്‍ക്കുവേണ്ടി വാദിച്ചവരുടെ ആധുനിക രൂപങ്ങളാണ് ഇപ്പോള്‍ ശബരിമലയിലും എത്തിയിരിക്കുന്നത്. പുതിയ തലമുറ ഇത്തരം പിന്തിരിപ്പന്‍ സമരങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും ശബരിമലയുള്‍പ്പെടെ ക്ഷേത്രങ്ങളില്‍ കുറഞ്ഞകാലംകൊണ്ടു തന്നെ സ്ത്രീകള്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞു.
   ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിനാണ് ഒരുകൂട്ടമാളുകള്‍ ശബരിമലയില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി പറഞ്ഞു. ഇനിയും സ്ത്രീകളുടെ ഭാഗത്തുനിന്ന് രക്തസാക്ഷികള്‍ ഉണ്ടായാല്‍ മാത്രമേ ഇതിനൊക്കെ മാറ്റം വരികയുള്ളു. സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനും ഭക്ഷണം കഴിക്കാനും കഴിയണമെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുത്തത് നിരവധിയായ സമരങ്ങളിലൂടെയാണെന്ന് അധ്യാപിക എ.ജി.ഒലീന പറഞ്ഞു. പഴയ ആചാരങ്ങളെ നിലനിര്‍ത്തണം എന്നു പറയുന്നതിനൊപ്പം പുതിയ ആചാരങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരിക മൂലധനത്തിന്റെ സാമ്പത്തിക യുക്തിയാണ് ശബരിമലയിലും വര്‍ഗീയവാദികള്‍ പ്രയോഗിക്കുന്നത്.
എല്ലാകാലത്തും പുരോഗമന ചിന്താധാരയ്‌ക്കെതിര് നില്‍ക്കുന്ന ഒരുകൂട്ടരെ കാണാന്‍ കഴിയും. അവര്‍ ചരിത്രത്തെ പുറകോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരുമെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനം ഉടന്‍ സാധ്യമാക്കണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.സരിത സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അഞ്ജിത നന്ദിയും പറഞ്ഞു.