ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടക്കുന്ന ചരിത്ര ചിത്രപ്രദർശനം സമാപിച്ചു. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡിലാണ് പ്രദർശനം. ചരിത്രത്തിൽ ഇടംനേടിയ നവോത്ഥാന നായകരുടെ വിശദാംശങ്ങളും ചരിത്രപരമായ വിളംബരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രദർശനം കാണാൻ നിരവധി പേരെത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന കേരള കോളിംഗ്, സമകാലിക ജനപഥം എന്നി മാസികകൾ സൗജന്യമായി പ്രദർശന നഗരിയിൽ വിതരണം ചെയ്തു. ശബരിമല വിഷയത്തിൽ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മലയാള പരിഭാഷയും പുസ്തക രൂപത്തിൽ സൗജന്യമായി സന്ദർശകർക്കായി നൽകി. കേരളത്തിലെ സാമൂഹിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും നവോത്ഥാന നായകരുടെ വിവരങ്ങളും അടങ്ങുന്ന ‘തമസോ മാ ജ്യോതിർഗമയ’ പുസ്തകം 10 രൂപ നിരക്കിൽ ലഭ്യമാക്കി.
ക്ഷേത്രപ്രവേശന വിളംബരം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസമായ ശനിയാഴ്ച പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തൃശ്ശ്‌ലേരി പി.കെ. കാളൻ സ്മാരക ഗോത്രകല പഠനഗവേഷണ കേന്ദ്രത്തിന്റെ ഗദ്ദികയും കൽപ്പറ്റ എമിലി ഉണർവ് നാടൻ കലാകേന്ദ്രത്തിലെ രമേശും സംഘവും അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി. മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നവോത്ഥാന സംഗമവും പന്തിഭോജനവും സംഘടിപ്പിച്ചു.
