ആചാരങ്ങളെല്ലാം ഭരണഘടനാ മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തിന്റെ ഭാഗമായി വി. ജെ. ടി ഹാളില്‍ നടന്ന ഭരണഘടന: വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ പല ആചാരങ്ങളും പിന്നീട് ദുരാചാരങ്ങളായി മാറും. ഒരു കാലത്ത് ഇവിടെയുണ്ടായിരുന്ന സതി വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഒടുവില്‍ അത് നിരോധിച്ചപ്പോള്‍ 70,000 സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ യോഗം നടന്നു. എന്നിട്ടും അത് പുനഃസ്ഥാപിക്കപ്പെട്ടില്ല. മനുഷ്യത്വമില്ലാത്ത ഒരു ദുരാചാരമായാണ് ഇന്ന് നാം സതിയെ കാണുന്നത്.
ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങള്‍ പാലിക്കപ്പെടണം. ഭരണഘടന എന്ന പൊതുസ്വത്തിനെ സംരക്ഷിക്കേണ്ട കടമ ഓരോ പൗരനുമുണ്ട്. ഇതൊരു വലിയ വെല്ലുവിളിയാണ്. ഭരണഘടന ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത് വിശ്വാസത്തെ മുന്‍നിര്‍ത്തിയാണ്. വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ പല വാക്കുകളും നാം കേട്ടു. അജണ്ട നടപ്പാക്കി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന ചിലരുടെ ആശങ്കയാണ് ഇതിനു പിന്നില്‍. ഭരണഘടനയെ സംബന്ധിച്ച് ഒരാളുടെ മനസാക്ഷിയാണ് അയാളുടെ മതം.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുതിയ നിയമമൊന്നും സൃഷ്ടിച്ചിട്ടില്ല. ഇവിടെയുണ്ടായിരുന്ന നിയമം ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്. ചിലര്‍ എല്ലാത്തിനെയും നേരിടുന്നത് വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്‍ കേരളത്തെ എന്തുകൊണ്ടാണ് ഭ്രാന്താലയം എന്ന് വിളിച്ചതെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അത് ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തുല്യത എന്നത് ഭരണഘടനയുടെ മൂല്യതത്വമാണ്. തുല്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നിയമനിര്‍മാണ സഭകളും കോടതിയും സമൂഹവും ഇടപെടും. പിന്നാക്ക വിഭാഗക്കാര്‍ എല്ലാ ദിവസവും അറിഞ്ഞോ അറിയാതെയോ ജീവിതത്തില്‍ ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനതീതമായി ആചാരങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന് ചടങ്ങില്‍ സംസാരിച്ച നിയമപരിഷ്‌കാര കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍ നായര്‍ പറഞ്ഞു. ആചാരങ്ങള്‍ക്കും മുകളിലാണ് ഭരണഘടന. നിയമത്തിന് കീഴില്‍ എല്ലാവരും തുല്യരാണ്. ലിംഗവിവേചനം പാടില്ലെന്ന് ഭരണഘടനയുടെ പതിനഞ്ചാം അനുഛേദം വിശദമാക്കുന്നു. ഭരണഘടനയുടെ 25ഉം 26ഉം അനുഛേദങ്ങള്‍ കൂടി പരിശോധിച്ചാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശബരിമല വിധി പ്രസ്താവിച്ചത്. ഇപ്പോഴത്തെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ഒരു ശതമാനം ആളുകള്‍ പോലും  ഈ വിധി വായിച്ചിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. എസ്. രാജശേഖരന്‍ സ്വാഗതവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഹില്‍ക്രാജ് നന്ദിയും പറഞ്ഞു.