സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ  ആഭിമുഖ്യത്തില്‍ യുവാക്കളെയും, വിദ്യാര്‍ഥികളെയും ലഹരിയുടെ മേഖലയില്‍ നിന്നും കായിക വിനോദത്തിലൂടെ കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ”കായിക ലഹരിയിലൂടെ ജീവിത ലഹരി” എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് താലൂക്ക് തലത്തില്‍ നടത്തിയ ഫുട്‌ബോള്‍ മല്‍സര വിജയികളുടെ ജില്ലാതല മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ നടന്നു. നഗരസഭാധ്യക്ഷ അഡ്വ.ഗീതസുരേഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.കെ.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം. അന്‍സാരി ബീഗു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.മോഹനന്‍, എസ്. ഷാനവാസ്, കെ.എസ് നിസാം, എസ്. സഞ്ജീവ് കുമാര്‍, ഷാബു തോമസ് എന്നിവര്‍ സംസാരിച്ചു. മല്ലപ്പള്ളി, റാന്നി , തിരുവല്ല, അടൂര്‍, കോഴഞ്ചേരി  താലൂക്കുതല മല്‍സരത്തില്‍ വിജയിച്ച ടീമുകള്‍ ജില്ലാതലത്തില്‍ മാറ്റുരച്ചു. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകള്‍ തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ മല്ലപ്പള്ളി വിജയിച്ചു. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.