ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ രാഷ് ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുന്നവരെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് രാജു എബ്രഹാം എം എല്‍  എ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് നടത്തിയ വിനിതാ സംഗമം അടൂരില്‍ ഉദ്ഘാടനം ചെയ്യുകായിയുരന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരാണ് കോടതിവിധിക്ക് കാരണക്കാര്‍ എന്ന് ചിലര്‍ നുണപ്രചരണം നടത്തുന്നു.  ഇത്തരക്കാരുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ് ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട്. കേരളത്തില്‍ ഇന്ന് കാണുന്ന പുരോഗതികളെല്ലാം നവോഥാന മുന്നേറ്റത്തിലൂടെ നേടിയെടുത്തതാണ്. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ ഇല്ലാതാക്കിയത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന പോരാട്ടങ്ങളിലുടെ ആണ്. എല്ലാ അനാചാരങ്ങളും അന്നത്തെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു. ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടങ്ങളെയെല്ലാം പിന്തിരിപ്പന്‍മാര്‍ എതിര്‍ത്തിരുന്നു. സവര്‍ണ വിഭാഗത്തിന്റെ ഈ പിന്തിരിപ്പന്‍ നയങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്ന കോലാഹലങ്ങള്‍ കൂട്ടിവായിക്കണമെന്നും  രാജു എബ്രഹാം എം എല്‍ എ പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സമൂഹത്തെ ഒരു നൂറ്റാണ്ട് പിന്നോട്ട് നയിക്കുന്ന വര്‍ഗീയ വാദികളുടെ നീക്കങ്ങള്‍ കേരളജനത അവജ്ഞയോടെ തള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി കെ ജി നായര്‍ മുഖ്യപ്രഭാഷണം നടത്തി. അനാചാരങ്ങള്‍ക്ക് മുകളില്‍ ഭരണഘടനയുടെ വിജയമാണ് സുപ്രീംകോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. നായര്‍ സമൂഹത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ മുന്നിട്ട് നിന്ന എന്‍ എസ് എസിന്റെ ഇന്നത്തെ നിലപാട് ഏറെ വൈരുധ്യമുള്ളതാണ്. എന്‍ എസ് എസ് സ്ഥാപകനേതാവ് മന്നത്ത് പത്മനാഭന്‍ പിന്നാക്കകാര്‍ക്കായി കുടുംബക്ഷേത്രം തുറന്നു കൊടുത്ത പാരമ്പര്യം പോലും ചിലര്‍ മറന്നുപോകുന്നു.  മഹാത്മാ അയ്യന്‍കാളി, ശ്രീനാരായണഗുരു, ആറാട്ടുപുഴ വേലായുധ പണിക്കര്‍, വൈകുണ്ഠസ്വാമികള്‍ തുടങ്ങി ഒട്ടനവധി മഹാരഥന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ടി മുരുകേഷ്, കൊടുമണ്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമകുഞ്ഞ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍, പി ആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ സംസാരിച്ചു.