വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സമർപ്പിക്കേണ്ട ആക്ഷേപങ്ങൾ, ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും സംസ്ഥാനത്തെ ബന്ധപ്പെട്ട ബോർഡുകൾ, കമ്മീഷനുകൾ, നിയമവിദഗ്ദർ, വിവിധ വിഭാഗം മതപണ്ഡിതർ എന്നിവരുമായി സംവദിക്കുന്നതിനും സംസ്ഥാന വഖ്ഫ് വകുപ്പും വഖ്ഫ് ബോർഡും ഏകദിനശിൽപശാല സംഘടിപ്പിക്കും. 10ന് രാവിലെ 10.30 ന് കൊച്ചി ഐഎംഎ ഹൗസിൽ നടക്കുന്ന ശിൽപശാലയിൽ സംസ്ഥാനത്ത് നിന്നുള്ള എം.പി.മാർ, എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയ്ക്ക് 2 മണി വരെയാണ് ശിൽപശാല. ശിൽപശാലയിൽ പവർപോയിന്റ് പ്രസന്റേഷൻ, ചർച്ച എന്നിവ ഉണ്ടായിരിക്കും. എഴുതി തയ്യാറാക്കി നൽകുന്ന ആക്ഷേപങ്ങളും നേരിട്ട് പങ്കെടുത്ത് ഉന്നയിക്കുന്ന അഭിപ്രായങ്ങളും സമാഹരിച്ച് ജോയിന്റ് പാർലമെന്ററി കമ്മിറ്റി മുമ്പാകെ സംസ്ഥാന വഖ്ഫ് വകുപ്പ് ബോധിപ്പിക്കും. വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ശിൽപശാല വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.