ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ(നിപ്മർ) തേടി ഐക്യരാഷ്ട്രസഭയുടെ കർമ്മസേന പുരസ്കാരം. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നിപ്മറിനെ യുഎൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2023 വർഷത്തിൽ പകർച്ചേതര വ്യാധികളുടെ നിയന്ത്രണം, മാനസികാരോഗ്യം, സഹായക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ തിളക്കമുറ്റ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളിൽ നിന്നാണ് നിപ്മർ അന്താരാഷ്ട്ര പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
എല്ലാത്തരം ഭിന്നശേഷികളുടെയും പുനരധിവാസപ്രക്രിയകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികവിന്റെ കേന്ദ്രമായി തീർന്നിരിക്കുന്ന നിപ്മർ, ലോക നിലവാരത്തിലുള്ള സ്ഥാപനമായി അംഗീകരിക്കപ്പെടുകയാണ് യുഎൻ പുരസ്കാരത്തിലൂടെ. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിലും മാനസികാരോഗ്യ രംഗത്തും സഹായക സാങ്കേതികവിദ്യയിലും അന്താരാഷ്ട്ര സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിപ്മർ നൽകുന്ന സംഭാവനകളെ പ്രത്യേകം എടുത്തു പറഞ്ഞാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 25ന് യുഎൻ പൊതുസഭയുടെ എഴുപത്തൊമ്പതാം സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന കർമ്മസേന സൗഹൃദ യോഗത്തിലാണ് പുരസ്കാരം സമ്മാനിക്കുന്നത്.
ഇതാദ്യമായല്ല സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള നിപ്മറിനെ തേടി അംഗീകാരമെത്തുന്നത്. കഴിഞ്ഞ മൂന്നുവർഷവും തുടർച്ചയായി ഭിന്നശേഷി മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാന പുരസ്കാരം നിപ്മർ നേടിയിരുന്നു. ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി ഒരുക്കിയ നിപ്മറിനെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള സഹായക സാങ്കേതികവിദ്യാ പരിശീലന പരിപാടിയ്ക്കും തിരഞ്ഞെടുത്തിരുന്നു. വിവിധ ഭിന്നശേഷികൾക്കായി അന്താരാഷ്ട്ര നിലവാരത്തിനനുസൃതമായ ചികിത്സാ സേവനങ്ങളും കൗൺസിലിംഗ് സേവനങ്ങളും നൽകിവരുന്ന നിപ്മറിന്റെ സേവനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്നതിന് അന്താരാഷ്ട്ര പുരസ്കാരം പ്രചോദനമേകും.