കാക്കനാട്: മയക്കുമരുന്ന്, പുകയിലെ തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍  വിദ്യാലയങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കാന്‍ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉത്പാദനവും വിതരണവും തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റി അവലോകന യോഗത്തില്‍ തീരുമാനം. രക്ഷാകര്‍തൃ സംഘടനകളെ പങ്കെടുപ്പിച്ച് വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാവുന്നതായി യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണ ജനങ്ങളെ മയക്കുമരുന്ന് മാഫിയ വളരെ അധികം ചൂഷണം ചെയ്യുന്നുണ്ട്. ബ്ലോക്ക്/ പഞ്ചായത്ത് തലത്തിലും ഇതിനുള്ള സജ്ജീകരണങ്ങള്‍ വേണം. രാത്രികാല പട്രോളിംഗ് കൂടുതല്‍ ശക്തമാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം 2.6 ലക്ഷം രൂപയാണ് മയക്കുമരുന്ന് ഉപയോഗ കേസില്‍ പിഴ ഈടാക്കിയിട്ടുള്ളത്. പോലീസിന്റെയും എക്‌സൈസിന്റെയും ശക്തമായ ഇടപെടലുകളുടെ ഫലമായി ജില്ലയിലാണ് ഏറ്റവുമധികം ലഹരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതരസംസ്ഥാനക്കാര്‍ ഏറ്റവും കൂടുതലുള്ള ആലുവ, പെരുമ്പാവൂര്‍ ഭാഗങ്ങളിലാണ് ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കും.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നവംബര്‍ ആദ്യവാരം വരെ ജില്ലയില്‍ 182 അബ്കാരി, 273 എന്‍.ഡി.പി.എസ് കേസുകളിലായി 442 പ്രതികളെ എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 4158 റെയ്ഡുകളും 1801 കോറ്റ്പ കേസുകളിലായി 3.7 ലക്ഷം പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. 1850 ലിറ്റര്‍ വാഷ്, 61.5 ലിറ്റര്‍ ചാരായം, 416.79 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 34.4 ലിറ്റര്‍ ബിയര്‍,  24.750 ലിറ്റര്‍ അരിഷ്ടം, 64 ലിറ്റര്‍ അനധികൃത മദ്യം, 35 കിലോ കഞ്ചാവ്, എം.ഡി.എം.എ 26 കിലോ, 1342.95 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍, 2.75 ഗ്രാം ഹാഷിഷ്, എല്‍.എസ്.ഡി 0.050 ഗ്രാം, 317 നൈട്രസപാം ഗുളികകള്‍, 35 മറ്റു മയക്കുമരുന്ന് ഗുളികകള്‍, 1013 പാക്കറ്റ് പാന്‍മസാല&ഹാന്‍സ്, 46,820 രൂപ എന്നിവ ഈ കാലയളവില്‍ തൊണ്ടി മുതലായി പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ ലൈസന്‍സ് സ്ഥാപനങ്ങളിലും ഈ കാലയളവില്‍ പരിശോധന നടത്തിയിട്ടുണ്ട്. 2866 തവണ കള്ളുഷാപ്പുകളിലും, 315 തവണ ബാറുകളിലും, 113 തവണ എഫ്.എല്‍ 1 ഷോപ്പുകള്‍, 202 തവണ എഫ്.എല്‍ 11 ഷോപ്പുകള്‍, 60 തവണ മറ്റ് ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. 14107 വാഹനങ്ങള്‍ പരിശോധിക്കുകയും 33 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പോലീസ്, റവന്യു, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ആരോഗ്യവകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, വനംവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും നടത്തിയിട്ടുണ്ട്.
നിയമ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നിയമപരമായ അവബോധം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. എക്‌സൈസ് വിഭാഗത്തിന് ടോള്‍ ഫ്രീ നമ്പറായ 155358 നമ്പര്‍ നാല് അക്ക നമ്പര്‍ ആക്കണമെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ സൂപ്രണ്ട് ബീന പി. ആനന്ദ് അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ സൂപ്രണ്ട് ബീന പി. ആനന്ദ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍.