കൊച്ചി: വിവരാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതില്‍ അധിക ചാര്‍ജ് ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 10 കേസുകള്‍ പരിഗണിച്ചു. വില്ലേജ് ഓഫീസുകളിലെ പോക്കുവരവ് സംബന്ധിച്ചുള്ളതും പഴയ ഫയലുകള്‍ ഹാജരാക്കാത്തതുമായി ബന്ധപ്പെട്ട കേസുകളാണ് പരിഗണിച്ചത്.
ഭൂമി സംബന്ധമായ സര്‍ട്ടിഫൈഡ് കോപ്പികള്‍ക്ക് റവന്യൂ ചട്ടമനുസരിച്ച് ഫീല്‍ഡ് സ്‌കെച്ച് റിപ്പോര്‍ട്ടിന് 206 രൂപയും ബേസിക് ടാക്‌സ് രജിസ്റ്ററുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് 506 രൂപയുമാണ് പല വില്ലേജ് ഓഫീസുകളും ഈടാക്കുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ലഭ്യമാകേണ്ട എല്ലാ രേഖകള്‍ക്കും എ ഫോര്‍ വലിപ്പത്തിലുള്ള പേജ് ഒന്നിന് രണ്ട് രൂപയാണ് നിരക്ക്. ഇതിന് വിരുദ്ധമായി ഫീസ് ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, ചേരാനെല്ലൂര്‍ വില്ലേജ് ഓഫീസിലെ രേഖകളില്‍ ഭൂമിയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 1983 ലെ രേഖകളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്. പുഴയുടെ തീരത്തുള്ള ഭൂമിയില്‍ ഏതൊക്കെ സ്വകാര്യ വ്യക്തികളുടെ കയ്യിലുണ്ടെന്നും ഏതെല്ലാം പുറമ്പോക്ക് ഭൂമിയാണെന്നുമാണ് തര്‍ക്കം. റവന്യൂ സംബന്ധമായ നടപടി ക്രമങ്ങള്‍ പരിശോധിച്ച് ലീഗല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.
നോര്‍ത്ത് പറവൂര്‍ നഗരസഭയില്‍ നല്‍കിയ അപേക്ഷയില്‍ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ടാണ് മറ്റൊരു കേസ് പരിഗണിച്ചത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്ലാനും മറ്റ് വിവരങ്ങളും അടങ്ങിയ രേഖകള്‍ ആവശ്യപ്പെട്ട അപേക്ഷകന്, രേഖകള്‍ ലഭ്യമല്ല എന്നാണ് നഗരസഭ നല്‍കിയ മറുപടി. ഇതേ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിലും ഒരു കേസ് നിലനിന്നിരുന്നു. എന്നാല്‍ രേഖകള്‍ ലഭ്യമല്ല എന്ന കാരണത്താല്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ അതില്‍ തീര്‍പ്പ് കല്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് വിവരാവകാശ കമ്മീഷന്‍ അദാലത്തില്‍ എത്തുന്നത്. അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇത്തരം കേസുകള്‍ ഉണ്ടാകുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ രീതിയിലുള്ള കേസുകളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.