കൊച്ചി: അത്താണിയായ പുഴ അന്തകനായപ്പോള്‍ പതറാതെ പിടിച്ചു നില്‍ക്കുകയാണ് പാറക്കടവിലെ ഓരോ കര്‍ഷകനും ചെയ്തത്. പുഴയെ ശപിക്കുകയോ വെറുക്കുകയോ ചെയ്തില്ല. അവസാന തുള്ളി വെള്ളവും വലിയുന്നതുവരെ അവര്‍ കാത്തു നിന്നു. ഒടുവില്‍ നിലമൊരുക്കി, പ്രതീക്ഷയോടെ ഒടിയപാടത്തേക്ക് വീണ്ടും വിത്തെറിഞ്ഞു. ഇപ്പോള്‍ അതിജീവനത്തിന്റെ കഥകള്‍ പറഞ്ഞ് മുളച്ചുപൊന്തിയ ഓരോ നെല്‍ച്ചെടിയേയും വാത്സല്യത്തോടെ വരവേല്‍ക്കുകയാണ് കര്‍ഷകര്‍. തകര്‍ന്നു പോയ പാറക്കടവിന്റെ കാര്‍ഷിക മേഖലയുടെ പഴയതിനേക്കാള്‍ ആവേശകരമായ തിരിച്ചു വരവ്.
പ്രളയം പാറക്കടവിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചാണ് പെയ്തു തോര്‍ന്നത്. കണക്കെടുത്താല്‍ ലക്ഷങ്ങള്‍ക്കടുത്ത്. നെല്ല്, പച്ചക്കറി, മീന്‍, ഏത്തവാഴ എല്ലാം വെള്ളത്തില്‍. ക്ഷീരകൃഷി മേഖല വരെ തകര്‍ന്നു. സ്വന്തം ഭൂമിയില്‍ കൃഷിയിറക്കിയവരും പാട്ടത്തിന് കൃഷിയിറക്കിയവരും പെട്ടു. ഇനി തൊട്ടാല്‍ പൊള്ളുമെന്ന മുന്നറിയിപ്പ്. അവിടെ നിന്നുമാണ് ഒടിയപ്പാടം ഉയര്‍ത്തെഴുന്നേറ്റത്.
വിത്തു വിതയ്ക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് പ്രളയം വന്നത്. നിലമൊരുക്കാനെടുത്ത പണം നഷ്ട കണക്കില്‍. പക്ഷേ, കൃഷി ജീവവായു പോലെയുള്ള കര്‍ഷകര്‍ക്ക് നഷ്ടം പറയാന്‍ നേരമില്ല. അവര്‍ പതിവുപോലെ തൂമ്പയുമായി പാടത്തേക്കിറങ്ങി. ആദ്യം ചെയ്തത് വെള്ളം കയറി നിശ്ചലമായ പമ്പ് സെറ്റ് ശരിയാക്കലാണ്. കര്‍ഷകര്‍ പണം പിരിച്ചാണ് ഇതു ചെയ്തത്.
തുടര്‍ന്ന് ചെയ്തു തീര്‍ത്ത പണികള്‍ വീണ്ടും ചെയ്തു. പാടം ഇളക്കിമറിച്ച് വരമ്പുവച്ച് തയാറാക്കി. മണ്ണൊരുക്കി. വിത്തു വിതച്ചു. ഉമ വിത്താണ് ഇക്കുറി വിതച്ചിരിക്കുന്നത്. ജനുവരിയില്‍ വിളവെടുപ്പിനു വേണ്ടിയുള്ള മുണ്ടകന്‍ കൃഷിയാണ് ചെയ്യുന്നത്.
വിളവെടുക്കാറായ 350 വാഴക്കുലകള്‍ പ്രളയം കൊണ്ടു പോയിട്ടും പുഴ ചതിച്ചു അല്ലേ എന്നു ചോദിച്ചാല്‍ കര്‍ഷകന്‍ വിശ്വനാഥന്‍ സമ്മതിക്കില്ല. അങ്ങനെ പറയാന്‍ പോലും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ‘പുഴ ഉള്ളതുകൊണ്ടല്ലേ ജീവിക്കുന്നത്. പ്രളയമൊക്കെ ഇതിന്റെ ഭാഗമാണ്. അത് വന്നു, പോയി. നഷ്ടമൊക്കെ വരും. ഇനിയും പണിയെടുത്താന്‍ ജീവിക്കാമല്ലോ’ 20 വര്‍ഷത്തിലേറെയായി ഒടിയപ്പാടത്ത് കൃഷി ചെയ്യുന്ന തളിയപറമ്പില്‍ വിശ്വനാഥന്‍ പറയുന്നു. ഇക്കുറി 10 ഏക്കറിലധികം നെല്‍ക്കൃഷിയാണ് ഇയാള്‍ ചെയ്യുന്നത്. ഒടിയപ്പാടത്തു മാത്രമല്ല മറ്റിടങ്ങളിലും വാഴയും നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
ജൈവകൃഷിയില്‍ വിജയം കൊയ്ത പാറക്കടവ് സര്‍വീസ് സഹകരണ ബാങ്കാണ് കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൂടെയുള്ളത്. നില മൊരുക്കുന്നതിനും വിത്തു വാങ്ങുന്നതിനും കര്‍ഷകര്‍ക്ക് സഹായം നല്‍കി. പലിശരഹിത വായ്പയാണ് കൃഷിക്കാര്‍ക്കു നല്‍കിയത്. നില മൊരുക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 2500 രുപ. കി സാന്‍ ക്രഡിറ്റുകാര്‍ഡു വഴിയുള്ള സഹായങ്ങള്‍ വേറെ.
ഇക്കുറി തരിശുകിടക്കുന്ന കൂടുതല്‍ സ്ഥലത്തേക്കും കൃഷി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്. പുതിയതായി കറുകപ്പാടം, ചൂണ്ടാം തുരുത്തി, തുളച്ചല്‍, പാപ്പിനിക്കാട്, നെടുപുറം എന്നീ പാടശേഖരങ്ങളിലും കൃഷിയിറക്കുന്നുണ്ട്.. എല്ലാം ജൈവകൃഷി തന്നെ.
38 ഏക്കറിലധികമുള്ള ഒടിയപ്പാടം പച്ചപ്പണിഞ്ഞതു കാണാന്‍ വൈകുന്നേരങ്ങളില്‍ ധാരാളം പേര്‍ എത്തുന്നുണ്ടിവിടെ. വിതച്ചാല്‍ പത്തരമാറ്റ് വിളവു തരുന്ന ഒടിയപ്പാടത്തെ പച്ചപ്പില്‍ ഒരു ഗ്രാമത്തിന്റെ അതിജീവന പ്രതീക്ഷകളുമാണ് തെളിയുന്നത്. കര്‍ഷക കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും മുമ്പില്‍ പ്രളയം തോറ്റു പോയ കഥയും.