കൊച്ചി: എറണാകുളം ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ എമര്‍ജന്‍സി റെസ്‌ക്യൂ ടെന്റര്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. വാഹന അപകടവും മറ്റും ഉണ്ടാകുമ്പോള്‍ വാഹനഭാഗങ്ങള്‍ മുറിച്ച് നീക്കി ആളെ രക്ഷപ്പെടുത്താന്‍ കഴിയുന്ന സംവിധാനം ഈ വാഹനത്തിനുണ്ട്. അഗ്‌നിശമനക്ക്  ഒഴികെ മറ്റ്  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എമര്‍ജന്‍സി റെസ്‌ക്യൂ ടെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 1. 1 കോടി രൂപയാണ് വാഹനത്തിന്റെ ചെലവ്. എമര്‍ജന്‍സി റെസ്‌ക്യൂ ടെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.
ഹൈഡ്രോളിക് കട്ടര്‍, ഗ്യാസ് ലിക്കേജ്  ഉണ്ടായ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ എല്‍ഇഡി ലൈറ്റ്, പ്രഷര്‍ പമ്പ് ബ്ലോവര്‍, ത്രീ ഫേസ് ജനറേറ്റര്‍, കോണ്‍ക്രീറ്റ് മുറിക്കാനുള്ള ചെയിന്‍ സോ, ടെലിസ്‌കോപ്പിക് ലൈറ്റ് മാസ്‌ക്, മള്‍ട്ടി ഗ്യാസ് ഡിറ്റക്ടര്‍, അടിയന്തരഘട്ടങ്ങളില്‍ കൃത്രിമശ്വാസം നല്‍കാന്‍ ആംബു ബാഗ്, സേഫ്റ്റി ബാഗ് വയര്‍ലസ് വോക്കി ടോക്കീസ്, ഹാന്റി ക്യാമറ തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തിന്റെ പ്രത്യേകതയാണ്. ചടങ്ങില്‍ എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി. ദിലീപന്‍, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.