രാജ്യത്തിന്റെ വൈവിധ്യങ്ങളും ബഹുസ്വരതയും ഉൾക്കൊണ്ട് ചരിത്രം ശരിയായി മനസ്സിലാക്കി മുന്നോട്ട് പോകാൻ ചാച്ചാ നെഹ്റുവിന്റെ ഓർമകൾ കുട്ടികൾക്ക് പ്രചോദനമാണെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ മാനവീയം വീഥിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കുട്ടികൾ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ട അവസ്ഥയുള്ളപ്പോൾ കേരളത്തിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും മികവാർന്ന വിദ്യാഭ്യാസം നേടി മുന്നോട്ട് പോകുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി നെഹ്റു സ്മൃതി സായാഹ്നവും ശിശുദിന റാലിയും നടന്നു. സംഘഗാനം, ചാച്ചാജി പ്രസംഗം, മോഹിനിയാട്ടം തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് മന്ത്രി ട്രോഫികൾ സമ്മാനിച്ചു.
വി. കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ സിനിമാ-സീരിയൽ താരം ജോബി മുഖ്യാതിഥിയായിരുന്നു. ബാലഭവനിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.