കോട്ടയം: പൊതുവിദ്യാലയങ്ങളിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷ(കൈറ്റ്)ന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ തുടങ്ങി.
നിർമിത ബുദ്ധി(എ.ഐ)സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങു നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയാറാക്കലാണ് ഈ വർഷം ക്യാമ്പുകളുടെ പ്രത്യേകത. ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകളും സ്വതന്ത്ര സോഫ്റ്റ്‌വേറുകളായ ഓപ്പൺ ടൂൾസ്, ബ്ലെൻഡർ എന്നിവ ഉപയോഗിച്ച് കുട്ടികൾ ക്യാമ്പിൽ തയാറാക്കും.
ജില്ലയിൽ 143 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 12470 അംഗങ്ങളുള്ളതിൽ സ്‌കൂൾതല ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 896 കുട്ടികൾ ഉപജില്ലാക്യാമ്പുകളിൽ പങ്കെടുക്കും. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകളിലായി ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവക്കുന്ന 96 കുട്ടികളെ ഡിസംബറിൽ നടക്കുന്ന ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കും.