വിദ്യാർത്ഥികളിലെ സംരംഭകത്വ ആശയങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സംസ്ഥാന സർക്കാർ കോളേജുകളിൽ ആരംഭിച്ച ഇന്നൊവേഷൻ ആൻഡ് എൻട്രർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിൽ തുടക്കമിട്ട ആശയം ഉൽപ്പന്നമായി ചേക്കേറിയത് എട്ടോളം വിദേശരാജ്യങ്ങളിൽ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന  സാറാ ബയോടെക് സ്റ്റാർട്ടപ്പാണ് പായലിൽ നിന്നും ബഹിരാകാശ സഞ്ചാരികൾക്കും പ്രതിരോധമേഖലയിലുമൊക്കെ ഉപയോഗിക്കാവുന്ന ബിസ്‌കറ്റ് വികസിപ്പിച്ച് കോവളം ലീലാ റാവീസിൽ നടക്കുന്ന രാജ്യാന്തര സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിൽ ശ്രദ്ധനേടുന്നത്.

ഹഡിലിലെ സസ്റ്റെയിനബിലിറ്റി എക്സ്പോ സെക്ഷനിലാണ് സാറാ ബയോടെക്ക് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് 2017 ൽ സ്റ്റുഡന്റ് സ്റ്റാർട്ടപ്പായാണ് നജീബ് ബിൻ ഹനീഫിന്റെ നേതൃത്വത്തിലുളള ടീം സംരംഭകത്വത്തിലേക്ക് ചുടവുവച്ചത്.  അന്തരീക്ഷ മലിനീകരണത്തിനുള്ള സുസ്ഥിര പ്രതിവിധിയായാണ് അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുത്ത് ക്യുബിക്കിളിൽ പായൽവിത്ത് നിക്ഷേപിച്ച ജലത്തിലേക്ക് കടത്തിവിട്ട് പായൽ വളർത്തി അതിൽ പോഷകങ്ങൾ കൂട്ടിച്ചേർത്ത് ഭക്ഷ്യയോഗ്യമായ ബിസ്‌കറ്റ് നിർമ്മിക്കുന്നത്. ഇതിൽ ഗുണമേൻമ കുറഞ്ഞ പായലിൽ തീറ്റ ഉൽപ്പാദിപ്പിച്ച് കോഴികൾക്ക് നൽകി കോഴിയിറച്ചി വിൽക്കുന്നുണ്ട്. ഇത്തരത്തിൽ പായൽ വളർത്തുന്ന ഒബീലിയ എന്ന ക്യുബിക്കിളുകൾ അലങ്കാര വസ്തുക്കളായി ഐടി പാർക്കുകളിലും എയർപോർട്ടുകളിലും നിലവിൽ ഉപയോഗിക്കുന്നുണ്ട്.

സാറാ ബയോടെക്കിന് കീഴിൽ സാറാ ബയോടെക് ന്യൂട്രിമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സാറാ ബയോടെക് പൗൾട്രി ആൻഡ് മീറ്റ് പ്രൈവറ്റ് ലിമിറ്റഡ്, സാറാ  ആർക്കിടെക്ചർ ആൻഡ് ഇൻഫ്രാസ്ട്രെചർ  എന്നീ കമ്പനികൾ രൂപീകരിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നും 10 മില്യൺ ഡോളർ നിക്ഷേപം സമാഹരിക്കാനും സറാ ബയോടെക്കിന് കഴിഞ്ഞു.  അശ്മിൽ ശ്യാം, മുഹമ്മദ് യാസിർ, അരുൺ ജോയ് എന്നിവരാണ് ഈ സ്റ്റാർട്ടപ്പിലെ മറ്റ് ടീം അംഗങ്ങൾ. കോളേജ് വിദ്യാർത്ഥിയായിരിക്കെ സർക്കാർ സഹായത്തോടെയാടെ 12 രാജ്യങ്ങളിൽ സന്ദർശിക്കാൻ അവസരം ലഭിച്ചതായി സ്ഥാപകൻ നജീബ് ബിൻ ഹനീഫ് പറഞ്ഞു. ജൈടെക്സ്, ഗൾഫ് ഫുഡ് മേളകളിലും ബ്ലൂംബെർഗ് കോൺഫെറൻസിലും പങ്കെടുക്കാനായി. സർക്കാർ നിരവധി സാധ്യകളാണ് സ്റ്റാർട്ടപ്പുകൾക്ക് നൽകിവരുന്നത്. മൂലധനനിക്ഷേപത്തിനും മാർഗനിർദേശങ്ങൾക്കും നിക്ഷേപകരെ കണ്ടെത്തുന്നതിനും കേരള സ്റ്റാർട്ട് മിഷൻ വൻതോതിൽ പിന്തുണച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.