നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്സ്പോ സമാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) നവംബർ 28 മുതൽ 30 വരെ കോവളത്ത് സംഘടിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിന്റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.

ഹഡിൽ ഗ്ലോബലിലേക്ക് ഡെലിഗേറ്റുകളെ സ്വാഗതം ചെയ്തത് ഐ ഹബ് റോബോട്ടിക്‌സിന്റെ ഹ്യൂമനോയിഡ് റോബോട്ടുകളാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിസിച്ചെടുത്ത ഉൽപ്പന്നങ്ങളും ആശയങ്ങളുമാണ് സ്റ്റാർട്ടപ്പുകൾ എക്‌സ്‌പോയിൽ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ്), വെർച്വൽ റിയാലിറ്റി, മെഷീൻ ലേണിംഗ്, ഇ-ഗവേർണൻസ്, എഡ്യൂടെക്, ബ്ലോക്ക്‌ചെയിൻ, ഹെൽത്ത്‌ടെക്, ലൈഫ് സയൻസസ്, കൃഷി, ആരോഗ്യം, മാലിന്യസംസ്‌ക്കരണം, ഊർജം, ബഹിരാകാശം  തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചുള്ള സ്റ്റാളുകൾ ഡെലിഗേറ്റുകൾക്ക് കൗതുകക്കാഴ്ച്ചകളൊരുക്കി.

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചാന്ദ്രയാൻ, ഗഗൻയാൻ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട സ്റ്റാൾ, ജെൻറോബോട്ടിക്സിന്റെ ബാൻഡിക്കൂട്ട് റോബോട്ടുകൾ, മറ്റ് കമ്പനികളുടെ റോബോട്ടിക് മോഡലുകൾ, യുവസംരംഭകർ വികസിപ്പിച്ച കൃഷി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഡ്രോണുകൾ തുടങ്ങിയവ ഏറെ കൗതുകമുണർത്തുന്ന കാഴ്ചകളായി. കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയുടെയും സംയുക്ത സംരംഭമായ വിമൺ റിസർച്ച് ആന്റ് ഇന്നോവേഷനൻ പ്രൊജക്റ്റിന്റെ ഭാഗമായി ഹഡിൽ ഗ്ലോബൽ എക്‌സ്‌പോയിൽ ഒരുക്കിയ സ്റ്റാളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.