*അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ചൂഷണങ്ങൾക്കെതിരെ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ മാറണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഡോ. ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് കെടിഡിസി ഗ്രാൻഡ് ചൈത്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾ വൻതോതിൽ ചൂഷണത്തിന് വിധേയപ്പെടുന്ന സാഹചര്യത്തിൽ അവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അവസാനിപ്പിക്കേണ്ടതുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ കേരളത്തിലെ അവസ്ഥ മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും വിവിധ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് മുന്നിലെത്തിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവരെ മുഖ്യധാരയിൽ എത്തിക്കാൻ മാധ്യങ്ങളുടെ സഹകരണം ആവശ്യമാണ്.
മാധ്യമങ്ങൾ സത്യം വിളിച്ച് പറയേണ്ടതുണ്ട്. ആരും വിമർശനത്തിന് അതീതരല്ല. പക്ഷേ കടന്നാക്രമിച്ച് ഇല്ലാതാക്കാതെ വസ്തുതകൾ പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. അസത്യത്തെ സത്യമായി പാകപ്പെടുത്തുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കുന്നതിനുള്ള മികച്ച പദ്ധതികൾ നടപ്പിലാക്കിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ചില പോരായ്മകൾ നിലനിൽക്കുന്നുണ്ട്. മാധ്യമങ്ങൾക്കിവ സർക്കാർ ശ്രദ്ധയിൽകൊണ്ടുവരാനാകണം. യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാതെ സത്യസന്ധമായ കാര്യങ്ങളാണ് മുന്നിൽ കൊണ്ടുവരേണ്ടത്. മാധ്യമ ധർമത്തിലൂന്നി സത്യത്തിന്റെ പാതയിൽ മാധ്യമങ്ങൾ സഞ്ചരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അച്ചടി വിഭാഗത്തിൽ ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബനും രാഷ്ട്രദീപിക പാലക്കാട് ബ്യൂറോ ചീഫ് എം. വി. വസന്തും ദൃശ്യ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ കണ്ടന്റ് ക്രിയേറ്റർ എൻ നീതുവും ശ്രവ്യ വിഭാഗത്തിൽ മാറ്റൊലി എഫ്.എം റേഡിയോയിലെ പ്രൊഡ്യൂസർ കെ. പൂർണ്ണിമയും സ്പീക്കറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ജേണലിസം കോഴ്സ് വിയജിച്ചവർക്ക് പരിശീലനം നൽകുന്ന ട്രേസ് പദ്ധതിയുടെ രേഖ മന്ത്രി മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബുവിന് കൈമാറി. ഹൈദരാബാദ് സർവകലാശാലയിൽ എംഎ മാസ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ അനന്യയെ മന്ത്രി അനുമോദിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീധന്യ സുരേഷ് സ്വാഗതം ആശംസിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സുഭാഷ് ടി വി ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ വി കെ പ്രശാന്ത് എംഎൽഎ, വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ, അഡീഷണൽ ഡയറക്ടർ വി സജീവ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അവാർഡ് വിതരണ ചടങ്ങിന് മുന്നോടിയായി ഇന്ത്യൻ മാധ്യമലോകത്തെ എസ്.സി എസ്.ടി പ്രാതിനിധ്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു. ആർ.എസ് ബാബു, മാധ്യമപ്രവർത്തകരായ എം.വി നികേഷ് കുമാർ, സരിത മോഹനൻ ഭാമ, കെ. രാജേന്ദ്രൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആതിര തമ്പി, ഉന്നതി മാസിക എഡിറ്റർ രാജേഷ് ചിറപ്പാട് എന്നിവർ സംസാരിച്ചു.