മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുബശ്രി മിഷന്‍ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവര്‍ത്തനം മേപ്പാടി എം.എസ്.എ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്‌ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാന്‍ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്.
അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രിക്ക് സമയബന്ധിതമായി ഉരുള്‍ പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായി. ആറ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികള്‍ സൂഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കും. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകള്‍ ഏകോപിപ്പിച്ചത്. ഇവയുടെ പൂര്‍ത്തീകരണവും മാതൃകാപരമായിരിക്കും. ഒരുഘട്ടം മാത്രമാണ് മൈക്രോപ്ലാനിലൂടെ സാധ്യമാകുന്നത്. ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം കുറ്റമറ്റ രീതയില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ എല്ലാ ആശങ്കകളും ദുരീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വ്യവസായ വകുപ്പ് എം.എം.ജി, പി.എം.ഇ.ജി.പി ധനസഹായവിതരണവും മന്ത്രി നിര്‍വ്വഹിച്ചു.
പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക് ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ദുരന്തം വയനാടിന്റെയും ഏക്കാലത്തെയും വേദനയാണ്. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുകയെന്നതും അവര്‍ക്കെല്ലാം സുരക്ഷിത ജീവിതമൊരുക്കുകയെന്നതും നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. സാമ്പത്തികമായും മാനസികമായും സാമൂഹികപരമായും പിന്തുണ നല്‍കി ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നടപടികളെല്ലാം മുന്നേറുകയാണ്. മൈക്രോ പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനെല്ലാം വേഗത കൂട്ടുമെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.
കുടുബശ്രി പ്രത്യാശ ആര്‍.എഫ് ധനസഹായ വിതരണം അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാമൂഹ്യ നീതി വകുപ്പ് സ്വാശ്രയധനസഹായം വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ കര്‍മ്മ പദ്ധതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എസ്.സാംബശിവറാവുവും കുടുംബശ്രീ ആക്ഷന്‍ പ്ലാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശനും അവതരിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബി.നാസര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജുഹെജമാഡി, ബ്ലോക്ക് പഞ്ചായത്തംഗം സി.രാഘവന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
*അതിവേഗം അതിജീവന മാര്‍ഗ്ഗരേഖ*
സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോ പ്ലാന്‍ അതിജീവനത്തിന്റെ ഉദാത്തമായ ചുവടായി മാറി. ദുരന്ത ബാധിതരെ നേരില്‍ കണ്ടും വിവിധ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുമാണ് കുടുംബശ്രീ മിഷന്‍ മൈക്രോപ്ലാന്‍ തയ്യാറാക്കിയത്. ദേശീയാടിസ്ഥാനത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ദുരന്ത പുനരധിവാസത്തിനായി ഒരു മൈക്രോ പ്ലാന്‍ വളരെ വേഗം തയ്യാറാക്കിയത്. ഓരോ കുടുംബത്തിന്റെയും നിലവിലുള്ള പ്രതിസന്ധികളും ആവശ്യങ്ങളും മൈക്രോ പ്ലാന്‍ രൂപീകരണത്തിനായി പഠന വിധേയമാക്കിയിരുന്നു. ഇതെല്ലാം പ്രത്യേകമായി ക്രോഡീകരിച്ച് തദ്ദേശ സ്ഥാപനത്തിന്റെയും ജില്ലാ ആസൂത്രണസമിതിയുടെയും അംഗീകാരം നേടിയാണ് പ്രാബല്യം നേടിയത്. ദുരന്തബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടി വരുന്ന ചെലവും സമയക്രമവും ഉള്‍പ്പെടെ മൈക്രോ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം രേഖയാക്കുന്ന കുടുംബാധിഷ്ടിത ആസൂത്രണമാണു മൈക്രോ പ്ലാന്‍. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം,ഉപജീവനം, നൈപുണി വികസനം,മാനസിക സാമൂഹിക പരിരക്ഷ തുടങ്ങിയ ആറ് മേഖലകളില്‍ ദുരന്തബാധിത കുടുംബങ്ങളുടെ ആവശ്യങ്ങളെ മൈക്രോ പ്ലാനിന്റെ ഭാഗമായി സൂക്ഷ്മതലത്തില്‍ വിലയിരുത്തിയിരുന്നു. ദുരന്തത്തിനിരയായ 1084 കുടുംബങ്ങളിലെ 4636 പേരെയും ഉള്‍പ്പെടുത്തി ഇരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുളളത്. ഹ്രസ്വകാലം, ഇടക്കാലം, ദീര്‍ഘ കാലം എന്നീ രീതിയില്‍ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനാവശ്യമായ അതിജീവന ഉപജീവന ആവശ്യങ്ങള്‍ മൈക്രോ പ്ലാനിലൂടെ നിറവേറ്റും. പരിശീലനം നേടിയ 40 കുടുംബശ്രീ അംഗങ്ങളും മറ്റു വിവിധ മേഖലകളിലെ 40 അംഗങ്ങളുമാണ് ദുരന്തബാധിതര്‍ക്കിടയില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി സര്‍വെ നടത്തിയത്. 51 ക്ലസ്റ്ററുകളായി തിരിച്ചാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ രണ്ട് ക്ലസ്റ്ററുകള്‍ വയനാടിന് പുറുത്തുമാണ്. സെപ്തംബര്‍ 6 നാണ് കുടുംബതല മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ കുടുംബശ്രീയെ ചുമതലയേല്‍പ്പിക്കുന്നത്.
*ആവശ്യങ്ങള്‍ പരിഗണിക്കും*
ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം, മാനസിക സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിലായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 1084 കുടുംബ മൈക്രോ പ്ലാനുകളാണ് കൈമാറിയത്. 5987 സേവനങ്ങള്‍ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയിട്ടുണ്ട്. സമഗ്രവും ആധികാരികവുമായ ഈ രേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. മൈക്രോ പ്‌ളാന്‍ നിര്‍വഹണത്തിലൂടെ ഇവരുടെ ജീവിതാവസ്ഥ സമഗ്രമായി മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൈക്രോ പ്‌ളാന്‍ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങള്‍ നിലവില്‍ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് മൈക്രോ പ്‌ളാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും. അതിജീവിതര്‍ക്ക് എത്രയും വേഗം ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തിര പ്രാധാന്യം നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിലവിലുള്ള ഹ്രസ്വകാല പദ്ധതികള്‍ പ്രയോജനപ്പെടുത്തും. ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കും. സമയബന്ധിതമായി പദ്ധതി നടത്തിപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിര്‍വ്വഹണ യൂണിറ്റും തുടങ്ങും.
*അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കും*
*സമഗ്രമായി കുടുബശ്രീ കര്‍മ്മ പദ്ധതി*
ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ കുടുംബശ്രീ സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കി. ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നത് വരെ ഓണ്‍ലൈനായും ഓഫ് ലൈനായും അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരും. എല്ലാ മാസത്തിലും എ.ഡി.എസ് തലത്തില്‍ ക്ലസ്റ്റര്‍ സംഗമം നടത്തും. മുഴുവന്‍ അംഗങ്ങളെയും അയല്‍ക്കൂട്ടത്തില്‍ ചേര്‍ക്കും. സാമൂഹിക മാനസിക കൗണ്‍സിലിങ്ങ് ജന്‍ഡര്‍ ടീം സഹായത്തോടെ തുടരും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി ഏര്‍പ്പെടുത്തും. ജീവന്‍ ദീപം, ഒരുമ ഇന്‍ഷൂറന്‍സ് അനുവദിച്ച് നല്‍കല്‍, മുണ്ടക്കൈ വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ ദുരന്തലഘൂകരണ ഫണ്ട് നല്‍കല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് കുടുംബശ്രി ദുരന്തബാധിതര്‍ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബാങ്കിങ്ങ് സഖിമാരെ നിയോഗിക്കും. കാര്‍ഷികാനുബന്ധപദ്ധതികള്‍, കാര്‍ഷിക യന്ത്രത്തിനുള്ള ധനസസഹായം, കാര്‍ഷിക അനുബന്ധ കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ധനസഹായം, വിവിധ കൃഷിയിലുള്ള പരിശീലനം, മൃഗ സംരക്ഷണമേഖലയിലുള്ള പദ്ധതികള്‍ ധനസഹായങ്ങള്‍ എന്നിവയെല്ലാം കര്‍മ്മ പദ്ധതിയിലുണ്ട്. സൂഷ്മ സംരംഭ മേഖലയില്‍ തൊഴില്‍ ആവശ്യമുള്ള 568 പേരെ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം പ്രാപ്യമായ പദ്ധതികളും പരിഗണനയിലുണ്ട്. വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍, അപ്പരല്‍ പാര്‍ക്ക് തുടങ്ങിയവെയെല്ലാം ദുരന്തബാധിതരുടെ അതിജീവനത്തിനും ഉപജീവനത്തിനുമായി കുടുംബശ്രീ തയ്യാറാക്കിയ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.