വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്കായി കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മേഘസ്പര്‍ശം’ ഇ സഞ്ജീവനി ടെലിമെഡിസിന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ നിര്‍വഹിച്ചു. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ യു. പവിത്ര അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. അനിത പദ്ധതി വിശദീകരിച്ചു. കെ.ജി.എം.ഒ.എ ജില്ലാ ട്രഷറര്‍ ഡോ. അനുരൂപ് ശങ്കര്‍, ഇ സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. കെ. ജീവന്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോഓഡിനേറ്റര്‍ ഡി.ടി അനൂജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
ദീര്‍ഘകാലമായി കിടപ്പിലായവരില്‍ ഡോക്ടര്‍മാരുടെ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി ഇ സഞ്ജീവനി സംവിധാനത്തിലൂടെ അത് ലഭ്യമാക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലും ഒരാഴ്ച ഒരു ബ്ലോക്ക് എന്ന രീതിയിലാണ് ക്യാമ്പയിന്‍ നടത്തുക. ഏപ്രില്‍ 30 വരെയാണ് ക്യാമ്പയിന്‍. തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിചരണം ആവശ്യമുള്ളവര്‍ക്ക് നിലവിലുള്ള ഇ സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം വഴി സേവനം നല്‍കും.