രാഷ്ട്രീയ സാഹിത്യ പാരിസ്ഥിക സാമൂഹിക വിഷയങ്ങളിൽ ഗഹന വീക്ഷണങ്ങളുമായി മുന്നൂറ്റിയമ്പതോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ പിറവിയെടുക്കും. കുട്ടികളുടെ രചനകൾക്കുൾപ്പെടെ ഇടം കൊടുത്തുകൊണ്ട് പുസ്തകവായനക്കും രചനക്കുമുള്ള പ്രോത്സാഹനമേകുകയാണ് ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം. വായനയാണ് ലഹരിയെന്ന പ്രമേയത്തിൽ നടക്കുന്ന മൂന്നാം പതിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും പി രാജീവും സ്പീക്കർ എ എൻ ഷംസീറും മറ്റു സാഹിത്യപ്രതിഭകളുമാണ് പ്രകാശനങ്ങൾ നിർവഹിക്കാനെത്തുക.
നജീബ് കാന്തപുരം എംഎൽഎ രചിച്ച പച്ച ഇലകളോടെയാണ് ആദ്യ ദിനത്തിൽ പുസ്തക പ്രകാശന പരിപാടികൾക്ക് തുടക്കമാകുക. ബൃന്ദാ കാരാട്ടിന്റെ ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും പ്രഭാവർമയുടെ അംഗാര നൂപുരവും സനക് മോഹന്റെ ഒരു ചെടി ഒരു മരം ഒരു വരവും വി കെ പ്രകാശ് ബാബുവിന്റെ വേഡ്സ് ലൈക് സാൻഡ് ക്രിസ്റ്റൽസും ടി കെ സന്തോഷ് കുമാറിന്റെ രാഗപൂർണിമയും എസ് സുധീശന്റെ ഒറ്റ-ജി കാർത്തികേയന്റെ രാഷ്ട്രീയജീവിതവും ഉൾപ്പെടെ നിരവധി കൃതികൾ പിന്നാലെ പ്രകാശനത്തിനെത്തും. ഡോ ടി എം തോമസ് ഐസക്കിന്റെ കോരന് കഞ്ഞി കുമ്പിളിൽ തന്നെ: നിയോ ലിബറൽ കാലത്തെ സാമ്പത്തിക നീതി, കെ എ ബീനയുടെ ആ കസേര ആരുടേതാണ്, ഇ ടി മുഹമ്മദ് ബഷീറിന്റെ പറയാതെ വയ്യ, ഡോ ജോർജ് ഓണക്കൂറിന്റെ രചനയായ ഇല്ലത്തിന് മിഥുൻ മുരളിയുടെ പരിഭാഷ തുടങ്ങിയ കൃതികളും പ്രകാശിപ്പിക്കും.
പുത്തലത്ത് ദിനേശൻ രചിച്ച് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന പുസ്തകങ്ങളായ വെള്ളത്തിലെ മീനുകൾ എന്ന പോൽ, പഴമയുടെ പുതുവായനകൾ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, സ്മരണകൾ സമരായുധങ്ങളും പ്രഭാത് ബുക്ക്സ് പുറത്തിറക്കുന്ന നിയമസഭയിലെ കെ ഇ എന്ന കെ ഇ ഇസ്മായിൽ രചിച്ച പുസ്തകവും സമതയുടെ ഡോ സാവിത്രി നാരായണൻ രചിച്ച ജീവിതസാഗരവും രണ്ടാം ദിനത്തിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സ്പീക്കറുടെ പ്രസ് സെക്രട്ടറിയായ മുഷ്താഖ് രചിച്ച ഇ കെ ഇമ്പിച്ചി ബാവയുടെ ജീവചരിത്രമായ കടൽപോലൊരാളും പ്രൊഫ എസ് ശിവദാസ് രചിച്ച കുട്ടികൾക്കായുളള 14 സാഹിത്യ രചനകളും ഉൾപ്പെടെ നിരവധി സർഗരചനകളാണ് പുസ്തകോത്സവത്തിലൂടെ വായനക്കാരിലേക്കെത്തുക.
അറുപതിലധികം പുസ്തക ചർച്ചകൾ വിവിധ വേദികളിലായി നടക്കും. ടോക്ക്, ഡയലോഗ്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് വേദിയാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.