തിരുവനന്തപുരം: മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈന്‍ രൂപത്തിലാക്കിയാണ് 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്നേറുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്റെ (കൈറ്റ്) ആണ് ഡിജിറ്റല്‍വല്‍ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. മത്സരാര്‍ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കല്‍, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡിന്റെ അച്ചടി, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, ലോവര്‍, ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കൈറ്റ് പോര്‍ട്ടല്‍ വഴിയാണ് നടക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആര്‍.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കര്‍ വഴി ലഭ്യമാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

മത്സരഫലങ്ങള്‍ കൃത്യതയോടെ തത്സമയം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി തുടങ്ങിയ ‘കൈറ്റ് ഉത്സവം’ വെബ്‌സൈറ്റും ആപ്പും ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിന് പുറമെ, വിവിധ വേദികളിലെ മത്സര ഇനങ്ങളുടെ തത്സമയ വിവരങ്ങള്‍ അറിയാനുള്ള സംവിധാനവും 25 വേദികളും പ്രധാന ഓഫീസുകളും സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മാപ്പുകളും ‘കൈറ്റ് ഉത്സവം’ ആപ്പില്‍ ലഭ്യമാണ്. കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങി വിവിധ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് ശേഷം മല്‍സരാര്‍ഥികളുടെ കലാസൃഷ്ടികള്‍ കൈറ്റിനു കീഴിലുള്ള വെബ്‌സൈറ്റായ സ്‌കൂള്‍ വിക്കിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.

കലോത്സവ കാഴ്ചകള്‍ പകര്‍ത്തുന്നതിലും കൈറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ട്. 25 വേദികളിലായി ഇരുനൂറോളം വിദ്യാര്‍ഥികളാണ് ഇതിന്റെ ഭാഗമായത്. ഓരോ വേദിയിലും 6 വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഫോട്ടോഗ്രാഫര്‍ സംഘമാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. അവര്‍ എടുക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് തരം തിരിച്ച് ക്രമപ്പെടുത്തുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്. ‘സ്‌കൂള്‍ വിക്കി’ വെബ്‌സൈറ്റില്‍ കലോത്സവ കാഴ്ചകള്‍ എന്ന പേജിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. പരിപാടികളുടെ ചിത്രങ്ങള്‍ക്ക് പുറമെ രസകരവും വ്യത്യസ്തവുമായ കാഴ്ചകളും പകര്‍ത്താന്‍ കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.