തിരുവനന്തപുരം: 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മല്‍സരം. ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയിലാണ് നിറഞ്ഞ സദസ്സില്‍ മത്സരം നടന്നത്. 14 ജില്ലകളില്‍ നിന്നും 18 ടീമുകളുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്. ചലച്ചിത്ര താരം ശരത്ത് അപ്പാനി, സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ എം എ നിഷാദ്, നാടക പ്രവര്‍ത്തകന്‍ ബിനു ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
രാവണന്റെ നിറത്തിന്റെ രാഷ്ട്രീയം, ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതി, സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു നാടകങ്ങളിലെ പ്രധാന പ്രമേയങ്ങള്‍.
എ എ റഹീം എം പി, നാടക, ചലച്ചിത്രതാരം സന്തോഷ് കിഴാറ്റൂര്‍ എന്നിവരടക്കം വിപുലമായ സദസ്സിന് മുന്നില്‍ നാടകം അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. കേരള ജനതയുടെ പുരോഗമനമനസ്സിന്റെ പ്രതീകമാണ് നാടകം കാണാനെത്തിയ വലിയ ജനക്കൂട്ടമെന്ന് എ.എ. റഹീം പറഞ്ഞു.