ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലിയും കുട്ടികളുടെ നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. രാവിലെ 10ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച റാലി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. അവസരങ്ങളെ നന്മയ്ക്കായി ഉപയോഗപ്പെടുത്തി കരുത്തുറ്റ സമൂഹമായി കുട്ടികൾ മാറട്ടെയെന്ന് കളക്ടർ ആസംസിച്ചു. തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഫ്‌ളാഷ്‌മോബും അവതരിപ്പിച്ചു. കുട്ടികളുടെ ബാൻഡ് മേളത്തോടെ ആരംഭിച്ച റാലി എസ്.കെ.എം.ജെ. സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. റാലിയിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്നു നടന്ന സ്വീകരണയോഗത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി ജൂൺ ശ്രീകാന്ത്, പ്രസിഡന്റ് ഹൃദ്യ എലിസബത്ത്, സ്പീക്കർ ഇവാന ആൻ ബാബു എന്നിവർക്ക് സ്വീകരണം നൽകി. യോഗം കുട്ടികളുടെ പ്രധാനമന്ത്രി ജൂൺ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സ്പീക്കർ ഇവാന ആൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ശിശുദിന സ്റ്റാമ്പ് കൽപ്പറ്റ മുൻസിപ്പൽ കൗൺസിലർ അജി ബഷീർ കുട്ടികളുടെ പ്രധാനമന്ത്രിക്കു നൽകി പ്രകാശനം ചെയ്തു.
കൽപ്പറ്റ മുൻസിപ്പൽ ചെയർപേഴ്‌സൺ സനിത ജഗദീഷ്, എ.ഡി.സി ജനറൽ പി.സി. മജീദ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.കെ. പ്രജിത്ത്, എസ്.കെ.എം.ജെ. സ്‌കൂൾ ഹെഡ്മാസ്റ്റർ എം.കെ. അനിൽകുമാർ, ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി.ആർ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ജില്ലാ പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചത്.