കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം അവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നല്‍കാനും പര്യാപ്തമായിരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷത്തില്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ശിശുദിനവും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കുകയാണ്. പണ്ടത്തെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമാണ്. കേരളത്തില്‍ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കാന്‍ ആയിരക്കണക്കിന് ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

കുട്ടികള്‍ സമൂഹത്തിലെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കണ്ണും കാതും തുറന്നുവെക്കണം. സമൂഹം നമുക്ക് നല്‍കുന്നത് തിരികെ നല്‍കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്. ഇൗ ബോധം വിദ്യാഭ്യാസത്തില്‍ നിന്ന് മാത്രമല്ല, നമ്മുടെ സാമൂഹിക ഇടപെടലുകളില്‍ കൂടിയാണ് ലഭിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ അനാവശ്യമായ മത്‌സരങ്ങള്‍ ഇത്തരം സാമൂഹിക ഇടപെടലുകള്‍ക്കുള്ള അവസരം കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തുന്നുണ്ട്.
ശിശുദിനം ആഘോഷിക്കുന്നതിനൊപ്പം ലോകത്തെയും ഇന്ത്യയിലെയും ചില ഭാഗങ്ങളില്‍ കുട്ടികളുടെ അവസ്ഥ കൂടി നമ്മള്‍ തിരിച്ചറിയണം. പട്ടിണി പല രാജ്യങ്ങളിലെയും പ്രധാന പ്രശ്‌നമാണ്. ഇത് കുട്ടികളുടെ ശാരീരിക, വിദ്യാഭ്യാസ, മാനസിക വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കുട്ടികളുടെ അവകാശങ്ങളോടുള്ള മനോഭാവവും മറ്റൊരുപ്രശ്‌നമാണ്. വീടുകളില്‍ ആണ്‍കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നത് ലിംഗനീതിക്ക് വിരുദ്ധമാണ്. ഓരോ ആണ്‍കുട്ടിയും അവരുടെ വീട്ടിലെയും സ്‌കൂളിലെയും ഒപ്പമുള്ള പെണ്‍കുട്ടികള്‍ക്ക് തുല്യപരിഗണനയും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

സുസ്ഥിര പാര്‍ലമെന്ററി സമ്പ്രദായം രാജ്യത്ത് രൂപം നല്‍കുന്നതില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശസംരക്ഷണത്തിന്റെ വിഷയത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങ് ഉദ്ഘാടനം ചെയ്തത് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവകി ഡി.എസ് ആണ്. സ്പീക്കര്‍ ദിവ്യലക്ഷ്മി എസ്, പ്രസിഡന്റ് സ്‌നേഹ എസ് എന്നീ വിദ്യാര്‍ഥിനികളും പ്രസംഗിച്ചു. എച്ച്. ശ്രേയ നായര്‍ സ്വാഗതവും അമീന ഷാജുദ്ദീന്‍ നന്ദിയും പറഞ്ഞു. അക്ഷിത്ത് കെ. അജിത്ത് സ്വാഗതഗാനം ആലപിച്ചു. ശിശുദിനസ്റ്റാമ്പ് രൂപകല്‍പന ചെയ്ത വിദ്യാര്‍ഥിയായ അനീത് ശാലുവിന് ചടങ്ങില്‍ ഗവര്‍ണര്‍ ഉപഹാരം നല്‍കി.
ആരോഗ്യ-സാമൂഹ്യനീതി-വനിതാശിശുവി കസന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്, സാമൂഹ്യനീതി-വനിതാശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്ത വര്‍ണാഭ ഘോഷയാത്രയ്ക്ക് ശേഷമാണ് പൊതുസമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചത്.