ചരിത്രം സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ രചിക്കണമെന്ന നെഹ്റുവിന്റെ ആഹ്വാനം ഉൾകൊള്ളാത്തതുകൊണ്ടാണ് വാട്ട്സ്ആപ് യൂണിവേഴ്സിറ്റികൾ വളരുന്നതെന്ന് ചരിത്രകാരൻ പ്രൊഫ ആദിത്യ മുഖർജി. ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ എന്ന സെഷനിൽ ‘നെഹ്റുവിന്റെ ആശയത്തിലെ ഇന്ത്യ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലെ ഏതൊരു കാര്യം അടയാളപ്പെടുത്തുമ്പോഴും അതിന്റെ വലിപ്പം കൃത്യമായി അടയാളപ്പെടുത്താൻ കഴിയണം. വർഗ്ഗീയമായി വളച്ചൊടിക്കാൻ വേണ്ടി ചരിത്രം സൃഷ്ടിക്കരുത്. രാജാക്കന്മാരുടെയല്ല, ജനങ്ങളുടെ ചരിത്രമാണ് എഴുതേണ്ടതെന്നതാണ് നെഹ്രുവിന്റെ കാഴ്ചപ്പാട്. എല്ലാ ജനവിഭാഗത്തിനും മനസ്സിലാകുന്ന രീതിയിൽ വേണം ചരിത്രമെഴുതാൻ. അങ്ങനെയല്ലാത്തതുകൊണ്ടാണ് ചരിത്രമെന്ന പേരിൽ അസത്യങ്ങളും അർദ്ധസത്യങ്ങളും വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്നത്.

കേരളത്തിലെ ജനങ്ങൾക്ക് നിയമസഭാ പുസ്തകോത്സവം പോലൊരു പരിപാടി സർക്കാർ തന്നെ നടത്തുന്നതിൽ അഭിമാനിക്കാം. താൻ ജനിച്ചു വളർന്ന നാട്ടിൽ ഇതൊന്നും സാധ്യമല്ലെന്നും ഇങ്ങനെയൊരു അന്തരീക്ഷം കേരളത്തിൽ നിലനിർത്താൻ എക്കാലത്തും കേരളീയർക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.