പുതിയ എഴുത്തുകാർ പല വിധത്തിലുള്ള സങ്കേതങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അത് പുതിയ സംവേദനശേഷി ഉണ്ടാക്കുന്നുണ്ടെന്നും കവി പ്രഭാവർമ. കവിയും കവിതയും എന്ന സെഷനിൽ കവിതയിലെ സർഗാത്മകത എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

പുതിയ എഴുത്തുകാർ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതുവഴി പുതിയ ഭാഷയുണ്ടാവണം, പുതിയ ഭാവുകത്വവും പുതിയ ശൈലീവിശേഷവുമുണ്ടാവണം. എങ്കിലേ ആവർത്തിച്ചാവർത്തിച്ച് ക്ലാവുപിടിച്ചുപോയ വാക്കുകൾക്ക് പുതിയ സംവേദനശേഷി ഉണ്ടാവുകയുള്ളൂ. വാക്കുകൾക്ക് പുതിയ അർത്ഥസംവേദന ശേഷി ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം പുതിയ സങ്കേതങ്ങൾ തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മനസ്സ് നവീകരണത്തിന് വിധേയമാകുമ്പോഴാണ് സർഗാത്മകമാവുന്നത്. എന്നാൽ സർഗാത്മകത കവിക്കോ കവിതയ്ക്കോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏതാണ് സർഗാത്മകതയുടെ ഉരകല്ല് എന്ന ചോദ്യവും ബാക്കിയാകുന്നു. സർഗാത്മക മനസുകൾക്കെ കവിതയിൽ പുതിയ അനുഭൂതിവിശേഷം ഉണ്ടാക്കാനാകൂ. അത്തരം കവികളുണ്ടാകണം. നല്ല കവിതയുണ്ടാകാൻ നല്ല വായനാ സമൂഹമുണ്ടാകണം. വായനസമൂഹത്തിന്റെ നിലവാരം താഴുമ്പോൾ എഴുത്തുകാരന്റെ നിലവാരവും കുറയും.

ആവർത്തിച്ചുപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഒരു കവിയുടെയും മനസ്സോ സ്വഭാവമോ വ്യക്തിത്വമോ വെളിപ്പെടുത്തുന്നില്ല. പല സാഹിത്യകാരും വിരുദ്ധങ്ങളായ നിലപാടുകൾ വ്യത്യസ്ത ഘട്ടങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. എഴുത്തുകാർ പല രചനകളിലായി കടകവിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രഭാവർമ പറഞ്ഞു.