ടൂറിസത്തില്‍ പുരോഗതിയിലേക്ക് കുതിക്കുന്ന കേരളത്തെ മികച്ച ഇടമെന്ന് ലോകം പറയുന്ന കാലം വിദൂരമല്ലെന്ന് വിനോസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഹൗസ് ബോട്ടുകള്‍ക്കുശേഷം കാരവന്‍, ഹെലി ടൂറിസം ഉള്‍പ്പെടെയുള്ള നൂതന ടൂറിസം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും ടൂറിസം സാധ്യതകളുള്ള കേന്ദ്രങ്ങളെ കണ്ടെത്തുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ചും ജനകീയമായ ഉത്തരവാദിത്ത ടൂറിസവും ടൂറിസം കേന്ദ്രങ്ങളുടെ പ്രോത്സാഹനത്തിനും പരിപാലനത്തിനുമായുള്ള ടൂറിസം ക്ലബ്ബുകളും കൂട്ടിച്ചേര്‍ത്ത് കേരളം മുന്നേറുകയാണെന്നും നിയമസഭാ പുസ്തകോത്സവത്തില്‍ കേരള സഞ്ചാരമെന്ന വിഷയത്തില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി നടന്ന സംഭാഷണത്തില്‍ മന്ത്രി പറഞ്ഞു.

പുത്തന്‍ പരീക്ഷണങ്ങളിലൂടെയാണ് മേഖല കടന്നുപോകുന്നത്. വിവാദങ്ങള്‍ ഉയര്‍ത്തി തളര്‍ത്തുകയല്ല. ഇതിന്റെ മഹത്വം ഉള്‍ക്കൊണ്ട് പ്രചാരകരാകുകയാണ് വേണ്ടത്. വിനോദസഞ്ചാരത്തിന്റെ വളര്‍ച്ച ആഗ്രഹിക്കുന്നതിനാല്‍ മികച്ച പദ്ധതികള്‍ വിവാദങ്ങളെ അവഗണിച്ച് നടപ്പിലാക്കും. കലാലയങ്ങളില്‍ ആരംഭിച്ച ടൂറിസം ക്ലബ്ബുകളില്‍ 1600 ല്‍ അധികം അംഗങ്ങള്‍ നിലവിലുണ്ട്. ഈ വര്‍ഷം അംഗസംഖ്യ പതിനായിരത്തോളമെത്തും. തെറ്റായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ അവഗണിച്ച് നാട്ടിലെ ജനങ്ങള്‍ എല്ലാവരും ടൂറിസത്തിന്റെ സംരക്ഷകരും പ്രചാരകരുമാകണം. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ നാല്‍പതോളം കേന്ദ്രങ്ങളെ കണ്ടെത്താനായി. നൂറോളം കേന്ദ്രങ്ങള്‍ വൈകാതെ കൂട്ടിച്ചേര്‍ക്കപ്പെടും.

മലബാറിലെ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കാന്‍ അഡൈ്വഞ്ചറിനും വാട്ടര്‍ സ്‌പോര്‍ട്‌സിനും ഊന്നല്‍ നല്‍കി ബീച്ച് ടൂറിസം വികസിപ്പിച്ചു. മൂന്നാറില്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രത്യേക പ്രചാരണം നടത്തി. രാജ്യത്ത് ആദ്യമായി ടൂറിസത്തില്‍ ഡിസൈന്‍ നയം സംസ്ഥാനത്ത് നടപ്പാക്കി. ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഇവയുടെയൊക്കെ ഫലം ഈ വര്‍ഷം കാണാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സഞ്ചാര ജീവിതത്തില്‍ ഇതുവരെ 148 രാജ്യങ്ങളും സന്ദര്‍ശിച്ച തനിക്ക് കേരളമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് സന്തോഷ് കുളങ്ങര പറഞ്ഞു. നമുക്ക് കേരളത്തിന്റെ ജീവിതത്തെ ലോകവിപണിയില്‍ എത്തിക്കാനാകണം. സവിശേഷതയാര്‍ന്ന ഭൂപ്രദേശവും സംസ്‌കാരവും ജീവിതരീതിയും ഭക്ഷ്യ വൈവിധ്യവും പരമ്പരാഗത കലകളുമാണ് നമ്മുടേത്. കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് പലപ്പോഴും ഇവയില്‍ അത്ഭുതം തോന്നാറില്ലെങ്കിലും ഇവിടുത്തെ ചെറിയ അനുഭവങ്ങള്‍ പോലും ലോകത്തെ വിസ്മയിപ്പിക്കുന്നതാണ്. ഏറ്റവും സവിശേഷമായ അനുഭവം നല്‍കാന്‍ കേരളത്തിനാകും. നമ്മുടെ ആയിരക്കണക്കിന് അത്ഭുതങ്ങളിലൂടെ യാത്രികരെ സഞ്ചരിപ്പിക്കാനായാല്‍ ടൂറിസം ഓരോ ഗ്രാമീണന്റേയും ഉപജീവനമാകും. ഏത് ഉള്‍നാട്ടിലും ഇതിന് സാധ്യതയുണ്ട്. മനുഷ്യരുടെ ആഗ്രങ്ങള്‍ പലപ്പോഴും സ്മാരകങ്ങളുടെ മുന്നിലെ ഫോട്ടോകളില്‍ ഒതുങ്ങുകയാണ്. എന്നാല്‍ നാടിന്റെ ജീവിതത്തെ ആസ്വദിക്കലാണ് പ്രധാനം.

റോഡിന്റെ വശങ്ങള്‍ നോക്കിയാണ് വിദേശസഞ്ചാരികള്‍ നാടിന്റെ വൃത്തിയെ വിലയിരുത്തുക. ഓരോരുത്തരും സ്വന്തം പുരയിടം വൃത്തിയാക്കിയാല്‍ നാട് വൃത്തിയാകും. കെട്ടിടം നിര്‍മിക്കുമ്പോള്‍ മഴവെള്ളം സംഭരിക്കാനുള്ള ചട്ടങ്ങളുള്ളപ്പോള്‍ കെട്ടിടം മുതല്‍ റോഡുവരെയുള്ള ഭാഗം സൗന്ദര്യവല്‍ക്കരിച്ചില്ലെങ്കില്‍ പിഴയീടാക്കാനാകണം. അങ്ങനെയായാല്‍ കേരളം വൃത്തിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.