ജീവിതശൈലീരോഗങ്ങൾക്കെതിരേ മുന്നറിയിപ്പുമായി ലോക പ്രമേഹദിനാചരണം. ജില്ലാ മെഡിക്കൽ ഓഫിസും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയും സംയുക്തമായി കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ഓരോ കുടുംബത്തിലും ഒരു പ്രമേഹരോഗി എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്ന് അവർ അഭിപ്രായപ്പെട്ടു. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് ഇതിനു കാരണം. കുറവ് അദ്ധ്വാനവും കൂടുതൽ ഭക്ഷണവും എന്നതാണ് പുതുതലമുറയുടെ ശീലം. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും വരെ പാശ്ചാത്യ സംസ്‌കാരങ്ങൾ കടമെടുത്തത് ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാൻ കാരണമായി. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാൻ എല്ലാവരും ഒന്നിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി, ബോധവൽക്കരണ ജാഥ, ബോധവൽക്കരണ ക്ലാസ്, രോഗനിർണയ ക്യാമ്പ്, ബോധവൽക്കരണ കിയോസ്‌ക്, ആരോഗ്യപ്രദർശനം എന്നിവയുണ്ടായിരുന്നു. കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച ബോധവൽക്കണ ജാഥ കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജി. പ്രവീൺകുമാർ ഫ്‌ളാഗ്ഓഫ് ചെയ്തു. പ്രമേഹത്തിനെതിരേ പ്ലക്കാർഡുകളും ബാനറുകളുമായി നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികളും എൻഎസ്എസ്, എൻസിസി കാഡറ്റുകളും കുടുംബശ്രീ പ്രവർത്തകരും അണിനിരന്നു. ഉദ്ഘാടന സമ്മേളനത്തിൽ കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ സനിതാ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിഎംഒ (ആരോഗ്യം) ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എ. പ്രഭാകരൻ, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ. ദേവകി, ജില്ലാ മാസ് മീഡിയാ ഓഫിസർ കെ. ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. പ്രമേഹം പ്രതിരോധവും സങ്കീർണതകളും എന്ന വിഷയത്തിൽ അർബൻ ആർസിഎച്ച് ഓഫിസർ ഡോ. കെ.എസ്. അജയൻ, പ്രമേഹവും ഭക്ഷണ നിയന്ത്രണവും എന്ന വിഷയത്തിൽ ഡയറ്റീഷ്യൻ ഷാക്കിറ സുമയ്യ എന്നിവർ ക്ലാസെടുത്തു.
മത്സരാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ജാഥയിൽ ഫാത്തിമ മാതാ നഴ്സിംഗ് സ്‌കൂൾ കൽപ്പറ്റ ഒന്നാംസ്ഥാനവും ഡി.എം. നഴ്സിംഗ് കോളേജ് മേപ്പാടി രണ്ടാംസ്ഥാനവും പനമരം ഗവ. നഴ്സിംഗ് കേളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എ. പ്രഭാകരൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജീവിതശൈലിയിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാം
ജീവിതശൈലിയിൽ മാറ്റംവരുത്തി പ്രമേഹരോഗത്തിൽ നിന്നു മുക്തി നേടാം. ഇൻസുലിന്റെ പ്രവർത്തന വൈകല്യമോ ഉൽപാദനക്കുറവോ കാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിൽ നിന്നു വർദ്ധിക്കുന്നതാണ് പ്രമേഹം. ഇതൊഴിവാക്കാൻ അന്നജം, കൊഴുപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും പഴം, പച്ചക്കറി അടങ്ങിയതുമായ ആഹാരം ശീലിക്കണം. പേരക്ക, തണ്ണിമത്തൻ, പപ്പായ, മുസംബി, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ പ്രമേഹരോഗികൾക്കു കഴിക്കാം. ആഴ്ചയിൽ കുറഞ്ഞത് അഞ്ചുദിവസം ചിട്ടയായ വ്യായാമം പ്രധാനമാണ്. മുതിർന്നവർക്ക് ഒരുദിവസം കുറഞ്ഞത് അരമണിക്കൂറും കുട്ടികൾക്ക് കുറഞ്ഞത് ഒരു മണിക്കൂറും വ്യായാമം ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. പുകവലിയും മറ്റെല്ലാ തരത്തിലുമുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും പുക ശ്വസിക്കുന്നതും പൂർണമായി ഉപേക്ഷിക്കണം. നേത്രപടല അന്ധത മൂലം കാഴ്ച മങ്ങുന്ന ഡയബറ്റിക് റെറ്റിനോപ്പതി, കിഡ്‌നിയെ ബാധിക്കുന്ന ഡയബറ്റിക് നെഫ്രോപ്പതി, നാഡീവ്യൂഹത്തെ ബാധിച്ച് ആന്തരികാവയവങ്ങലെയും കൈകാലുകളെയും നിർജീവമാക്കുന്ന ഡയബറ്റിക് ന്യൂറോപ്പതി എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ.