ആട്ടിൻ കുട്ടികളെയും കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നതിനു പുറമേ ഇനി വിദ്യാർത്ഥികൾക്ക് ഓരോ പന്നിക്കുഞ്ഞ് കൂടി. ഗാർഹിക ജൈവമാലിന്യ സംസ്‌കരണത്തിനു പുത്തൻ മാതൃക സൃഷ്ടിച്ച് സ്ഥലസൗകര്യമുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു പന്നിക്കുഞ്ഞിനെ വളർത്തി വരുമാനം കണ്ടെത്തുന്ന മൃഗസംരക്ഷണ വകുപ്പ് പദ്ധതിക്ക് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പാടിച്ചിറ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻസ് എ.യു.പി. സ്‌കൂളിലെ 10 വിദ്യാർത്ഥികൾക്ക് പന്നിക്കുഞ്ഞുങ്ങളെ നൽകിക്കൊണ്ട് സ്‌കൂൾ ആനിമൽ വെൽഫെയർ ക്ലബ്ബിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു. മാനന്തവാടിയിൽ നടന്ന ഗ്രീൻ പിഗ്‌സ് ആൻഡ് എഗ്ഗ്‌സ് മേളയ്ക്കു പിന്നാലെ മാലിന്യ സംസ്‌കരണത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പന്നിവളർത്തൽ മേഖലയ്ക്കു നൽകാൻ കഴിയുന്ന സംഭാവനകളെ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സ്‌കൂൾ കുട്ടികൾക്ക് പന്നിക്കുഞ്ഞുങ്ങളെ നൽകിയത്. പന്നിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമപഞ്ചായത്തിൽ തന്നെയുള്ള എട്ടു കർഷകരാണ് പന്നിക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകാൻ സന്നദ്ധരായി മുന്നോട്ടുവന്നത്. നാലായിരം മുതൽ അയ്യായിരം രൂപ വരെ വിലമതിക്കുന്ന കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.
‘എൻറ കുഞ്ഞാട് ‘ പദ്ധതിയുടെ ഭാഗമായി ആനിമൽ വെൽഫെയർ ക്ലബ്ബിലെ തന്നെ 10 കുട്ടികൾക്ക് ആറു മുതൽ 12 മാസം വരെ പ്രായമുള്ള ആടുകളെ സൗജന്യമായി നൽകിയിട്ടുണ്ട്. സ്‌കൂളിലെ വിദ്യാർത്ഥികളിൽ 50 പേരടങ്ങുന്ന ആനിമൽ വെൽഫയർ ക്ലബ്ബ് രൂപീകരിച്ച് അതിൽ നിന്നും തിരഞ്ഞെടുത്ത 20 പേർക്കാണ് ആട്ടിൻകുട്ടികളെയും പന്നികുഞ്ഞുങ്ങളെയും നൽകിയത്. പഠനത്തോടൊപ്പം വരുമാനവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയിൽ ആടുകൾ പ്രസവിക്കുന്ന മുറയ്ക്ക് ഉണ്ടാകുന്ന പെണ്ണാട്ടിൻ കുഞ്ഞിനെ ക്ലബ്ബിലെ തന്നെ ബാക്കിയുള്ള 30 പേരിൽ ഓരോരുത്തർക്കായി കൈമാറണമെന്ന് വ്യവസ്ഥയുണ്ട്. മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോട്ട് സാറ്റലൈറ്റ് പദ്ധതിയിലെ ഗുണഭോക്താക്കളായ 10 കർഷകരാണ് ആട്ടിൻ കുട്ടികളെ വിദ്യാർത്ഥികൾക്ക് വിതരണത്തിനായി എത്തിച്ചത്. ഗാർഹിക മാലിന്യങ്ങൾ സംസ്‌കരിക്കാനായി കോഴിവളർത്തലും പന്നി വളർത്തലും പ്രോൽസാഹിപ്പിക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. മുള്ളൻകൊല്ലി പഞ്ചായത്തിലെ മറ്റു സ്‌കൂളുകളിലേക്കും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് പദ്ധതി വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.