അന്യംനിന്നുപോവുന്ന നാടൻകലകളെയും കലാരൂപങ്ങളെയും പ്രോൽസാഹിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വജ്രജൂബലി ഫെലോഷിപ്പ് പദ്ധതിയുടെ ആദ്യ ജില്ലാതല യോഗം കളക്ടറേറ്റ് എ.പി.ജെ. ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ നിന്നും ഫെലോഷിപ്പിന് അർഹരായ 19 കലാകാരൻമാർ പങ്കെടുത്തു. ഡിസംബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതിനു മുമ്പായി ഫെലോഷിപ്പിന് അർഹമായ മുഴുവൻ കലാകാരൻമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നവംബർ അവസാനത്തോടെ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തും.
പദ്ധതി പ്രകാരം ഫെലോഷിപ്പ് നേടിയ കലാകാരന്മാർ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധിയിലെ പഠിതാക്കൾക്ക് ബന്ധപ്പെട്ട കലകളിൽ പരിശീലനം നൽകും. രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്പ്. ഇക്കാലയളവിൽ പ്രായഭേദമന്യേ അപേക്ഷിക്കുന്ന ആർക്കും ഇവരിൽ നിന്നു പരിശീലനം നേടാം. തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ ആഴ്ചയിൽ നാലു ദിവസമാണ് ക്ലാസ്. മാനന്തവാടി മുനിസിപ്പാലിറ്റി, കൽപ്പറ്റ, പനമരം, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളിലാണ് ഫെലോഷിപ്പ് ജേതാക്കളെ വിന്യസിച്ചിരിക്കുന്നത്. ഇവർക്കു പ്രതിമാസം ഫെലോഷിപ്പ് തുകയായ 10,000 രൂപ സാംസ്‌കാരിക വകുപ്പും 5,000 രൂപ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും നൽകും. 36 കലാരൂപങ്ങളിലാണ് ഫെലോഷിപ്പ്. കലാമൂല്യം പുനരുജ്ജീവിപ്പിക്കുക, കലാകാരന്മാരെ പരിപോഷിപ്പിക്കുക, യുവാക്കളുടെ ഊർജം ക്രിയാത്മകമായ വഴിയിലേക്ക് തിരിച്ചുവിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെലോഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആയിരം കലാകാരന്മാർക്കാണ് ആദ്യഘട്ടത്തിൽ വജ്രജൂബിലി ഫെലോഷിപ്പ് നൽകുന്നത്.
സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. അജിത് ബാബു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ ശശി, ഗീതാ ബാബു, ജില്ലാ പ്ലാനിംഗ് ഓഫിസർ കെ.എം. സുരേഷ്, ഫെലോഷിപ്പിന്റെ ജില്ലാ കോർഡിനേറ്റർ ശരത്ത് തുടങ്ങിയവർ സംസാരിച്ചു.