പ്രളയത്തെ തുടർന്ന് വീടുകൾ തകർന്ന പുറമ്പോക്കിൽ താമസിക്കുന്നവരുടെ പുനരധിവാസത്തിന് ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള 154 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീട് നിർമ്മിച്ചു നൽകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായി ഭൂമി കണ്ടെത്തിയ സ്ഥലങ്ങളിൽ ഇവർക്കുളള വീടുകളുടെ നിർമ്മാണം ഡിസംബർ ഒന്നിനകം തുടങ്ങാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗത്തിൽ തീരുമാനിച്ചു.
പ്രളയബാധിതരെ കണ്ടെത്താൻ തയ്യാറാക്കിയ റി ബിൽഡ് അപ്ലിക്കേഷനിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഒരു കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി വീതമാണ് വീട് നിർമ്മാണത്തിനായി നീക്കിവയ്ക്കുന്നത്. തവിഞ്ഞാൽ, പടിഞ്ഞാറത്തറ, മുളളൻക്കൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ ഭൂമി ലഭ്യമാക്കനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു പ്രളയബാധിത ഗ്രാമപഞ്ചായത്തുകളിൽ ഭൂമി ലഭ്യമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തെ അറിയിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി ഭൂമി രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവംബർ 22 നകം ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. നാലുലക്ഷം രൂപയാണ് ഓരോ വീടു നിർമ്മാണത്തിനും സർക്കാർ അനുവദിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രക്കാണ് നിർമ്മാണ ചുമതല. 2019 ഫെബ്രുവരിയോടെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി താക്കോൽദാനം നടത്താനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

തദ്ദേശ സ്ഥാപനങ്ങളും ഗുണഭോക്താക്കളും
എടവക – 6
കണിയാമ്പറ്റ – 2
മേപ്പാടി – 2
മുളളൻക്കൊല്ലി – 4
മൂപ്പൈനാട് – 9
നൂൽപ്പുഴ – 7
പടിഞ്ഞാറത്തറ – 6
പനമരം – 23
പൊഴുതന – 9
പുൽപ്പള്ളി – 23
തവിഞ്ഞാൽ – 7
തിരുനെല്ലി – 1
തൊണ്ടർനാട് – 4
വെളളമുണ്ട – 3
കൽപ്പറ്റ നഗരസഭ – 4

മാനന്തവാടി നഗരസഭ – 44