മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‍നം അവനവനെകുറിച്ചും ആനന്ദങ്ങളെകുറിച്ചുമുള്ള ഭയമാണെന്ന് ആർ. രാജശ്രീ. മീറ്റ് ദി ഓതർ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ആനന്ദങ്ങളെയും ലോകത്തിന്റെ സൗന്ദര്യത്തെയും മനുഷ്യന് ഭയമാണ്. സ്ത്രീകളെ പരിശീലിപ്പിക്കുന്നത് പോലും എല്ലാ സൗന്ദര്യങ്ങളിൽനിന്നും അടർത്തിയെടുത്ത് ജീവിക്കാനാണ്.
തന്റെ നോവലുകളിലെ ദേശം ഭൂപ്രദേശം മാത്രമല്ല. ആത്രേയകം രാഷ്ട്രീയ ഭൂമിക കൂടിയാണ്. സ്വാതന്ത്ര്യമുള്ള, നിരീക്ഷണങ്ങൾക്ക് വിധേയമാകാത്ത ഇടം സാധ്യമാണ് എന്നതാണ് ആത്രേയകം എന്ന ദേശം പറഞ്ഞുവെക്കുന്നത്. ഭയമാണ് ഇന്നത്തെ ലോകത്തെ ഭരിക്കുന്നതെന്നതിനു എത്രയും ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. വംശഹത്യയുടെ സൂചനകൾ മഹാഭാരതത്തിലും കണ്ടെത്താനാകും. ഏകശിലാ ദേശീയതയ്ക്കുവേണ്ടിയുള്ള യുദ്ധമാണ് മഹാഭാരത്തിന്റേതെന്ന് പറയാൻ എഴുത്തുകാർ തയ്യാറാകണം. പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ ആറുതവണ തിരുത്തിയെഴുതിയാണ് ആത്രേയകം പൂർത്തിയാക്കിയത്. മാറ്റിയെഴുത്ത് തെറ്റല്ല, സർഗാത്മകതയുടെ കുറവുമില്ല. പൂർണതയിലെത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമാണതെന്നും രാജശ്രീ പറഞ്ഞു. മാധ്യമപ്രവർത്തകൻ കെ മധു പങ്കെടുത്തു.