എക്‌സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് എക്‌സൈസ് – തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്ത്രീകളും പെൺകുട്ടികളും ലഹരിപദാർഥങ്ങളുടെ ഇരകളാകുന്ന ഇക്കാലത്ത് അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തക്കേണ്ടതുണ്ട്. നിലവിൽ 500 ൽ താഴെയാണ് വനിതാ ഓഫീസർമാരുടെ എണ്ണം. അതുകൊണ്ട് കൂടുതൽ പേരെ റിക്രൂട്ട് ചെയ്ത് അവരുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. നാവായിക്കുളത്ത് വർക്കല എക്‌സൈസ് സർക്കിൾ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതാ ഓഫീസർമാരുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നൂറ് റെയ്ഞ്ച് ഓഫീസുകളിൽ അവർക്ക് മാത്രം ഉപയോഗിക്കാൻ സ്‌കൂട്ടറുകൾ ലഭ്യമാക്കി. തുടർന്ന് എല്ലാ റെയ്ഞ്ച് ഓഫീസുകളിലും ക്രമേണ വകുപ്പിലെ എല്ലാ വനിതാ ഓഫീസർമാർക്കും സ്‌കൂട്ടറുകൾ നൽകാനുമുള്ള നടപടി സ്വീകരിക്കും.
ലഹരിക്ക് അടിപ്പെട്ടവരുടെ മോചനത്തിനായി ചികിത്സ, തൊഴിൽ, പുനരധിവാസം, കുടുംബസമേതം താമസം എന്നീ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്ന മാതൃകാ ഡീ അഡിക്ഷൻ സെന്റർ ഉടൻ ആരംഭിക്കും. ഇതിനായി 40 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ എല്ലാ സർക്കാർ ആശുപത്രികളിലും ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് അബ്കാരി എൻ..ഡി.പി.എസ് കുറ്റകൃത്യങ്ങളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇത് വകുപ്പിലെ ജീവനക്കാരുടെ പ്രവർത്തനമികവിന് ഉദാഹരണമാണ്. ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഇത്രത്തോളം കേസുകൾ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ച അനുഭവമുണ്ടായിട്ടില്ലെന്നും ഇത് വകുപ്പിന് അഭിനന്ദനാർഹമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്യവർജ്ജനം എന്ന സർക്കാർ നയം നടപ്പാക്കുന്നതിന് ശക്തമായ ബോധവത്ക്കരണം അനിവാര്യമാണ്. ഇതിനായാണ് വിമുക്തി എന്ന ജനകീയ പദ്ധതിക്ക് രൂപം നൽകിയത്. ജില്ല, ബ്ലോക്ക്, വാർഡ്, അയൽക്കൂട്ട അടിസ്ഥാനത്തിലും റസിഡന്റ്‌സ് അസോസിയേഷനുകൾ വഴിയും കുടുംബശ്രീ യൂണിറ്റുകൾ മുഖേനയും ഇതിനായി ശക്തമായ ബോധവത്ക്കരണ പരിപാടികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ വർഷം പുതുതായി പ്രവർത്തനമാരംഭിക്കുന്ന ആറ് എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ രണ്ടാമത്തേതാണ് വർക്കലയിലേത്.
വി. ജോയി എം.എൽ.എ അധ്യക്ഷനായ യോഗത്തിൽ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റഡിങ് കമ്മിറ്റി ചെയർമാൻ ബി.പി മുരളി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ്, നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ, അഡീ. എക്‌സൈസ് കമ്മിഷണർ എ. വിജയൻ, ജോയിന്റ് കമ്മിഷണർ മുഹമ്മദ് സിയാദ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ. ചന്ദ്രപാലൻ എന്നിവർ സംബന്ധിച്ചു.